വേദനിപ്പിക്കുന്ന ഓർമകളിൽ നിന്നാണെങ്കിലും ‘എടോ, ആ ശ്രുതിപ്പെട്ടി നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ പൊടിതട്ടിയെടുത്തൊന്ന് പാടാൻ ശ്രമിക്ക്’ എന്നു പറയുന്ന ഒരു വിളിയെത്തിയാൽ പിന്നെ എങ്ങനെ പാടാതിരിക്കും. സംഗീതത്തെ അത്രമേൽ ഇഷ്ടപ്പെട്ട ജയശ്രീ ശിവദാസ് അങ്ങനെ സംവിധായകയായി. ഭ്രമരം എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച ചലച്ചിത്രതാരമാണ് ജയശ്രീ. ഋത്വ എന്ന സംഗീത ആല്‍ബമാണ് ജയശ്രീ സംവിധാനം ചെയ്തിരിക്കുന്നത്. 

പ്രണയിച്ചത് സംഗീതത്തെയാണെന്ന തിരിച്ചറിവും, ആ സംഗീതത്തിലേക്കുള്ള തിരികെ യാത്രയുമാണ് ഋത്വ പറയുന്നത്. ജീവിതത്തിന്‍റെ ഋതുഭാവങ്ങള്‍ക്കൊപ്പം, വലജീ രാഗത്തില്‍ ചിട്ടപ്പെടുത്തിയ വരികള്‍ കൂടി ചേര്‍ന്നപ്പോള്‍ ഋത്വ പിറവി കൊണ്ടു. സുഹൃത്തിന്‍റെ വാട്സ് ആപ്പ് സന്ദേശത്തില്‍ നിന്നാണ് ഈ ആല്‍ബത്തിന്‍റെ ആശയം ലഭിക്കുന്നതെന്ന് സംവിധായിക പറയുന്നു. ഋത്വവയുടെ അരങ്ങിലും അണിയറയിലും ഒപ്പം നിന്നതും സുഹൃത്തുക്കളായിരുന്നു. 

ജയശ്രീ ശിവദാസിന്റെ തന്നെയാണ് ആൽബത്തിന് സ്ക്രിപ്റ്റ് ഒരുക്കിയത്. ശ്രുതി നമ്പൂതിരിയുടെ വരികൾക്ക് സുധീപ് പലനാടാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. രഞ്ജിനി കാസറ്റ്സാണ് ആൽബം പുറത്തിറക്കിയിരിക്കുന്നത്. ജയശ്രീ ശിവദാസിനൊപ്പം ആനന്ദ് റോഷനും മൂർക്കത്ത് വിശാലവും ആൽബത്തിൽ വേഷമിടുന്നുണ്ട്. 

ഇരുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ജയശ്രീയ്ക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. നിലവില്‍ അക്കൗണ്ടിങ് മേഖലയില്‍ ജോലി ചെയ്യുന്ന ജയശ്രീയുടെ മനസില്‍ സിനിമാ സംവിധാനവും സ്വപ്നമായുണ്ട്. 

English Summary: Rithwa Malayalam Music Video