ദുൽഖർ സൽമാൻ നിർമിച്ച ‘മണിയറയിലെ അശോകനി’ലെ ‘മൊഞ്ചത്തിപ്പെണ്ണേ ഉണ്ണി മായേ’ എന്ന വിഡിയോ ഗാനം പുറത്തിറങ്ങി. ദുൽഖർ സൽമാനും ചിത്രത്തിലെ നായകൻ ജേക്കബ് ഗ്രിഗറിയും ചേർന്നാണ് ഗാനം ആലപിച്ചത്. പാട്ടിന്റെ സ്റ്റുഡിയോ വേർഷൻ നേരത്തെ റിലീസ് ചെയ്തിരുന്നു. ഷിഹാസ് അമ്മദ്കോയ എഴുതിയ വരികൾക്കു സംഗീതം നൽകിയത് ശ്രീഹരി കെ.നായർ ആണ്. പഠിക്കുന്ന കാലത്ത് സഹപാഠിയായ ഉണ്ണിമായയെ പറ്റിക്കാൻ ഷിഹാസ് വെറുതെ എഴുതിയ വരികളാണ് അവിചാരിതമായി സിനിമയിലെത്തിയത്. സ്വന്തം വരികൾ ദുൽഖർ പാടി ഹിറ്റാക്കിയതിന്റെ സന്തോഷം ഷിഹാസ് നേരത്തെ പങ്കുവച്ചിരുന്നു.

‘മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ 

തഞ്ചത്തിൽ ഒപ്പന പാടി വായോ 

തേനൂറുമെന്റെ പ്രേമം നീയേ 

പാലിട്ട പഞ്ചസാരച്ചായ നീയേ...’

മികച്ച പ്രേക്ഷക സ്വീകാര്യതയോടെ പാട്ട് ഇതിനോടകം ട്രെൻഡിങ്ങിൽ ഇടം നേടി. അനു സിത്താര ആണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഈ ഉണ്ണിമായ ശരിക്കും മൊഞ്ചത്തിയാണെന്നും പാട്ട് കണ്ണെടുക്കാതെ കണ്ടിരിക്കാൻ തോന്നുമെന്നുമാണ് പ്രേക്ഷകപക്ഷം. ചിത്രത്തിലെ ‘ഓള്’ എന്നു തുടങ്ങുന്ന ഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു. 

നവാഗതനായ ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്രമാണ് ‘മണിയറയിലെ അശോകൻ’. ‌മഹേഷ് ബോജിയുടെ കഥയെ ആസ്പദമാക്കി വിനീത് കൃഷ്ണൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.