സ്വർണത്തിന് സുഗന്ധം പോലെ എന്ന് നമ്മൾ കേട്ടിട്ടുണ്ട്. സ്വർണത്തിന് സുഗന്ധത്തോടൊപ്പം നവരത്നശോഭയും കൂടിയുണ്ടായാലോ? സേതു ഇയ്യാലിന്റെ, പ്രദർശനത്തിന് തയാറായിരിക്കുന്ന "ശ്യാമരാഗം"എന്ന ചിത്രത്തിലെ ഗാനങ്ങളെ അങ്ങനെ വിശേഷപ്പിക്കാനാണെനിക്കിഷ്ടം. ദക്ഷിണാമൂർത്തിസ്വാമി, ശുദ്ധ സംഗീതത്തിന്റെ മറുപേര്, അവസാനമായി, തന്റെ തൊണ്ണൂറ്റിമൂന്നാമത്തെ വയസ്സിൽ സംഗീതം നൽകിയ ഗാനങ്ങൾ. ഒരു കുടുംബത്തിലെ നാലുതലമുറയെ തഴുകിയ സ്നേഹവും അനുഗ്രഹവും. നാലാം തലമുറക്കാരി അമേയക്കുവേണ്ടി സ്വാമി രചയിതാവിന്റെ വേഷമണിയുന്നത്. എല്ലാമെല്ലാം ഒരു ചരിത്രമാണ്. ഈ ഗാനങ്ങൾ, അവയാസ്വദിക്കുന്ന നമ്മളെയും ചരിത്രത്തിന്റെ ഭാഗമാക്കുകയാണ്... അമേയ പാടിയതൊഴികെയുള്ള ഗാനങ്ങളിൽ നാലെണ്ണം രചിച്ചത് റഫീക്ക് അഹമ്മദും രണ്ടെണ്ണം രചിച്ചത് കൈതപ്രവുമാണ്.

സംഗീതവും നൃത്തവും ജീവവായുപോലെ കരുതുന്ന കഥാപാത്രങ്ങൾ. ഗുരുവും ശിഷ്യനുമായുള്ള ആത്മബന്ധം. കഥയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും നമുക്ക് ഇതിലെ പാട്ടുകൾ തന്നെ പറഞ്ഞു തരും. കഥാഗതിയോടും കഥാപാത്രങ്ങളോടും അത്രയേറെ അലിഞ്ഞു ചേർന്നിരിക്കുന്നു ഇതിലെ ഗാനങ്ങൾ. ബ്രാഹ്മണ കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെന്ന് ഗാനങ്ങളിലുപയോഗിച്ചിരിക്കുന്ന ബിംബങ്ങൾ നമ്മോട് പറയുന്നു. റഫീക്ക് അഹമ്മദ് രചിച്ച "പറയാത്ത വാക്കൊരു വിഗ്രഹമായി" എന്ന ഗാനത്തിലെ പറഞ്ഞവാക്കുകളെല്ലാം മനോഹര വിഗ്രഹങ്ങളായ് രൂപകൽപ്പന ചെയ്യപ്പെട്ടവയാണ്.

കോലമിടുന്ന ആവണിപ്പൊൻവെയിലും അഷ്ടമംഗല്യത്തളികയുമായെത്തുന്ന തൃക്കാർത്തികയും പെർസൊണിഫിക്കേഷന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്. അരുന്ധതി നക്ഷത്രത്തെക്കുറിച്ചുള്ള ഒരു സൂചനയിലൂടെ ആ പെൺകുട്ടിയുടെ പ്രണയവും വിവാഹസ്വപ്നങ്ങളും റഫീക്ക് അഹമ്മദ് എത്ര വൈദഗ്ധ്യത്തോടെയാണ് വരച്ചു വച്ചത്.

"ആടി ഞാൻ കദംബവനിയിൽ" മറ്റൊരു ചിത്ര പൂർണിമ

"ആടി ഞാൻ കദംബവനിയിൽ" എന്ന റഫീക്കിന്റെ രചനയിൽ പിറന്ന ഗാനം തീർച്ചയായും ചിത്രയുടെ സംഗീത ജീവിതത്തിൽ ഒരു നാഴികക്കല്ലായിരിക്കും. മനോഹമമായി പാടി. മനോഹമായ ഒരു നർത്തകി ശിൽപ്പം നമുക്കീ ഗാനത്തിൽ കാണാം. ഉതിർന്നുവീണ നൂപുരമണികൾപോലെ കൊഴിഞ്ഞു പോയ എത്രയോ ജന്മങ്ങൾ താണ്ടിയെത്തിയവൾ. രാധയായതും മീരയായതും ഉമയായതും അവൾ. മണിനാഗമായും ശലഭാഗ്നിയായും പല ജന്മങ്ങൾ ഊരിയെറിഞ്ഞവൾ. ഉള്ളിൽ സാഗരാഗ്നി പോലുള്ള ശമിക്കാത്ത ദാഹമുണർന്നവൾ. കാലത്തിന്റെ ഡമരുകത്തിലെ താളഭേദങ്ങൾക്കനുസരിച്ച് ഉന്മാദത്തിന്റെ ഉത്തുംഗശൃംഗങ്ങളിൽ സ്വയം മറന്നാടുന്നവൾ. നിത്യ വിസ്മൃതിയെത്തുവോളം തുടരുന്ന അവളുടെ നൃത്തം.! സർഗ്ഗശ്രേഷ്ഠനായ ഒരു ചിത്രകാരൻ തന്റെ കാൻവാസ്സിൽ വരച്ച  മനോഹരമായ ഒരു ചിത്രം പോലെ വരച്ചിട്ടിരിക്കുന്നു റഫീക്ക്.

"ഇഴപോയ തംബുരു" എന്ന ഗാനത്തിൽ നിരാശയുടെ പ്രതിരൂപമായ ഗായകനെയാണ് കാണുന്നത്.. ഇഴപോയ തംബുരുവിനോടും, അലയാഴിയോട് യാത്ര പറയുന്ന സന്ധ്യയോടുമൊക്കെ ഉപമിക്കുന്നുണ്ട് ആ ഗായകനെ. അതിനിടയിലും ഇത്തിരി വരമഞ്ഞൾ തൊടുവിക്കാനെത്തുന്ന ആവണിപ്പൊൻപുലരിയെക്കുറിച്ച് നേരിയ പ്രതീക്ഷയും പുലർത്തുന്നുണ്ട് ."മഞ്ജു നർത്തനശാലയിൽ " എന്നു തുടങ്ങുന്ന ഗാനത്തിൽ  കാമുകിയുടെ കൊലുസ്സിലെ മണികളെ കാമുകന്റെ കണ്ണുനീർ തുള്ളികളായും അവയുടെ ശിഞ്ചിതം അവൻെറ ഹൃദയസ്പന്ദനമായും കാണുന്നു, റഫീക്കിന്റെ കാവ്യ ഭാവന. റഫീക്ക് അഹമ്മദ് എന്ന കവിയുടെ പ്രതിഭാസ്പർശം കൃത്യമായി മുദ്രണം ചെയ്തിരിക്കുന്നു ഈ ചിത്രത്തിലെ ഗാനങ്ങളിൽ.

രണ്ട് ശബ്ദത്തിൽ യേശുദാസ്

കൈതപ്രം രചിച്ച "തുംബുരു നാരദ" എന്ന ഗാനം രണ്ട് ശബ്ദത്തിലാണ് യേശുദാസ് പാടിയിരിക്കുന്നത്. പ്രായമായ ഭാഗവതരുടെ ശബ്ദത്തിലും ചെറുപ്പക്കാരനായ ശിഷ്യന്റെ ശബ്ദത്തിലും. തികച്ചും വിസ്മയിപ്പിക്കുന്ന ഒരനുഭവം. യേശുദാസിന്റെ ശബ്ദം കൊണ്ടൊരിന്ദ്രജാലം എന്ന് തന്നെ പറയാം. സംഗീത വിദ്യാർത്ഥികൾ കേട്ട് പഠിക്കേണ്ട ഒന്നാണത്. 

അമേയക്കുട്ടിയുടെ ശബ്ദസൗകുമാര്യം

ഗുരുവിനോടോ വായുവിനോടോ എന്ന കൈതപ്രത്തിന്റെ ഗാനം സത്യത്തിൽ നാദ ദക്ഷിണാ മധുരം നിവേദിക്കുന്ന ഒരു കൃഷ്ണഭക്തന്റെ, (ദാസ്സേട്ടന്റെതന്നെ) ആത്മാലാപനമാണ്. അത് ശ്രോതാക്കളുടെ കണ്ണുനനയിക്കുന്നെങ്കിൽ അത്ഭുതപ്പെടാനില്ല. അത്രയും മധുരതരവും ഭക്തിസാന്ദ്രവുമാണ് വരികളും ആലാപനവും. അമേയക്കുട്ടിയുടെ ശബ്ദസൗകുമാര്യവും ചൊല്ലി ക്കൊടുത്ത സംഗീത കുലപതിയുടെ അനുഗ്രഹവും മലയാള ചലച്ചിത്രസംഗീതലോകത്തെ ജീവിച്ചിരിക്കുന്ന ഇതിഹാസമായ മുത്തച്ഛൻേയും പിതാവായ വിജയ് യേശുദാസിന്റെയും പാരമ്പര്യവും എല്ലാം ചേർന്നാൽ വരുംനാളുകളിൽ സംഗീതലോകത്തെ താരോദയം നമുക്ക് പ്രതീക്ഷിക്കാം. പോയകാലത്തെ ചലച്ചിത്ര ഗാനങ്ങളുടെ മധുരമൊക്കെ പൊയ്പ്പോയെന്നും ഇന്നത്തെ ഗാനങ്ങൾ മനസ്സിൽ തങ്ങിനിൽക്കുന്നില്ല എന്നുമൊക്കെ വിഷാദിക്കുന്ന ശുദ്ധ സംഗീതത്തിന്റെ ആരാധകർക്ക് ദക്ഷിണാമൂർത്തി സ്വാമി അവസാനമായി നൽകുന്ന സ്നേഹോപഹാരമാണ് സേതു ഇയ്യാലിന്റെ പ്രദർശനത്തിനൊരുങ്ങിയ "ശ്യാമരാഗം" എന്ന ചിത്രത്തിലെ ഗാനങ്ങൾ. ശ്യാമരാഗസംഗീതം തീർത്തും വശ്യം. മോഹനം.