ഏതാനും ദിവസങ്ങൾക്കു മുന്‍പായിരുന്നു അത്. തിരുവന്തപുരം സ്വദേശിയായ ദേവിക എന്ന ഒൻപതാം ക്ലാസുകാരി ഒരു ഹിമാചലി നാടോടി ഗാനം പാടി പങ്കുവച്ചു. ദേവിക പാടിയ ‘മായേനീ മേരീയ...’ എന്ന ഗാനം കേട്ടവരെല്ലാം കണ്ണും കാതും ഹൃദയവും കൊടുത്ത് ആസ്വദിക്കുകയും ചെയ്തു. ദേവികയുടെ പാട്ട് മലയാളക്കരയിൽ മാത്രമായി ഒതുങ്ങി നിന്നില്ല. അതിർത്തികൾ ഭേദിച്ച് പാറിപ്പറന്ന് അങ്ങ് ഹിമാചൽപ്രേദേശ് വരെയെത്തി. ഹിമാചലിലെ ഈ നാടോടി ഗാനത്തിന്റെ മറുനാടൻ പതിപ്പ് അവിടുത്തെ ഗായകരുടെയും സംഗീതസംവിധായകരുടെയും ശ്രദ്ധ നേടി. 

ആദ്യ കേൾവിയിൽ തന്നെ ഈ പാട്ട് ഇഷ്ടപ്പെട്ട ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ ആ ഇഷ്ടം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഓരോ വരിയിലും കുഞ്ഞുദേവികയെ പ്രകീർത്തിച്ചു കൊണ്ടായിരുന്നു ജയ്റാം ഠാക്കൂറിന്റെ അഭിനന്ദനം. 

ദേവികയുടെ കൊച്ചു നാദത്തെ പ്രശംസിച്ചും പങ്കുവച്ചും ഹിമാചൽപ്രദേശ് മുഖ്യമന്ത്രി കുറിച്ചത് ഇങ്ങനെ:

‘ഇവൾ കേരളത്തിന്റെ മകൾ ദേവിക. സ്വരമധുരമായ ശബ്ദത്തിൽ ഹിമാചലി ഗാനം ആലപിച്ച് ഹിമാചൽപ്രദേശിന്റെ മഹത്വം വർധിപ്പിച്ചിരിക്കുന്നു. ആ മകളെ ഞാൻ അഭിനന്ദിക്കുന്നു. ആ ശബ്ദത്തിൽ ഒരു പ്രത്യേക മാന്ത്രികതയുണ്ട്. ഈ സ്വരം ഇനിയും ഉയർന്നുയർന്ന് ലോകം മുഴുവൻ വ്യാപിക്കട്ടെ. ഈ ശബ്ദത്തെ ലോകം മുഴുവൻ അംഗീകരിക്കാനിടയാകട്ടെയെന്ന് ഞാൻ ഹിമാചലിലെ ദേവീ ദേവന്മാരോട് പ്രാർഥിക്കുന്നു. ഹിമാചൽ പ്രദേശിലേയ്ക്കു വരുവാനും ഇവിടുത്തെ സംസ്കാരത്തെക്കുറിച്ച് പഠിക്കുവാുനും ദേവികയെ ഞാൻ ക്ഷണിക്കുകയാണ്. താങ്കൾ തീർച്ചയായും ഇവിടെ വരണം. ദേവഭൂമിയിൽ നിന്നും ദേവികയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു’.

വിവിധ സംസ്ഥാനങ്ങളിലെ സംസ്കാരങ്ങളെക്കുറിച്ചു കുട്ടികൾക്ക് അറിവു പകരാനായി ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പഠനത്തിന്റെ ഭാഗമായാണ് ദേവിക പാട്ടു പഠിച്ചത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപി എസ്.ആർ.ദേവിയാണ് പാട്ട് നിർദേശിച്ചത്. ഹിമാചല്‍പ്രദേശിൽ അധ്യാപകവൃത്തിയിലേർപ്പെട്ടിരുന്ന കാലത്താണ് അവിടുത്തുകാരുടെ പാരമ്പര്യത്തിന്റെ ഭാഗമായ ഈ ഗാനം ദേവി ടീച്ചറുടെ മനസ്സിൽ കയറിക്കൂടിയത്. പാട്ട് യൂട്യൂബിൽ തിരഞ്ഞു കണ്ടെത്തിയതിനു ശേഷം ദേവി‌ക അത് പഠിച്ചു പാടി. അമ്മ സംഗീത, വിഡിയോ റെക്കോർഡ് ചെയ്ത് ടീച്ചറിന് അയച്ചു കൊടുക്കുകയും അവർ അത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ക്ഷണനേരം കൊണ്ടു ശ്രദ്ധിക്കപ്പെട്ട പാട്ടിനു പിന്നിലെ സ്വരത്തെ തേടിയുള്ള ചർച്ചകളായിരുന്നു പിന്നീട് സമൂഹമാധ്യമലോകത്ത്. സ്വതസിദ്ധമായ ആലാപനം കേട്ടവരെല്ലാം കണ്ണും മനസ്സും നിറഞ്ഞ് ദേവികയ്ക്ക് ആശംസകൾ നേരുകയാണിപ്പോൾ. ഒരുപക്ഷേ പാട്ട് ഇത്രയേറെ ഹൃദയങ്ങളിൽ നിറഞ്ഞൊഴുകുമെന്ന് ദേവിക പോലും കരുതിക്കാണില്ല.