‘കാണാൻ കൊതിയായി കാത്തിരുന്ന്

ഒന്നു കേൾക്കാൻ സുഖമോടോർത്തിരുന്ന്

എന്റെ കണ്മണി ചാരെയെന്ന്

അവൾ പുഞ്ചിരി തൂവുമെന്ന്....’

സുഹൃത്തിന്റെ കുഞ്ഞിനു വേണ്ടി അവർ പാടി, അങ്ങകലെയിരുന്ന് ഉള്ളു തഴുകുമൊരു താരാട്ട്. പ്രവാസികളായ മലയാളി കലാകാരന്മാരാണ് സുഹൃത്ത് സച്ചിന്റെയും ഭാര്യ അശ്വതിയുടെയും കൺമണിയുടെ പിറന്നാളിന് പാട്ടുസമ്മാനവുമായെത്തിയത്. ജെറിൻ രാജ് കുളത്തിനാലന്റെ വരികൾക്ക് വിഷ്ണു മോഹനകൃഷ്ണൻ സംഗീതം നൽകി പാടി. ‘പടപൊരുതും കേരളം’, ‘കാത്തിരുന്ന മഴയായ്’ തുടങ്ങിയ പാട്ടുകൾക്ക് ഈണം കൊടുത്ത സംഗീതസംവിധായകനാണ് വിഷ്ണു. ശ്രീധർശൻ സന്തോഷ് എന്ന പതിമൂന്നുകാരനാണ് പ്രോഗ്രാമിങ് നിർവഹിച്ചത്. 

തികച്ചും പുതുമയോടെ ആവിഷ്കരിച്ച പാട്ട് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡാനി ജോസ് ആണ് പാട്ടിന്റെ ലിറിക്കൽ വിഡിയോ ഒരുക്കിയത്. അരുൺ കൃഷ്ണന്‍കുട്ടി എഡിറ്റിങ് നിർവഹിച്ചു. 

തങ്ങളുടെ കൺമണിക്കായി സുഹൃത്തുക്കളിൽ നിന്നും അപ്രതീക്ഷിതമായി ഹൃദ്യമായ താരാട്ട് പാട്ട് ലഭിച്ചതിന്റെ സന്തോഷത്തിലാണ് സച്ചിനും അശ്വതിയും. പാട്ട് ശ്രദ്ധേയമായതിന്റെ സന്തോഷങ്ങൾ ആസ്വദിക്കുന്നതിനിടയിലും‘സ്വപ്ന സുന്ദരി’ എന്ന സിനിമക്കു വേണ്ടി ഗാനങ്ങളൊരുക്കുന്ന തിരക്കിലേക്കു കടന്നിരിക്കുകയാണ് ‘നിനക്കായ് കണ്‍മണി’യുടെ പിന്നണിപ്രവർത്തകർ. ഏകദേശം മുപ്പതോളം ചലച്ചിത്ര ഗാനങ്ങൾ ഇവർ തയ്യാറാക്കി വച്ചിട്ടുണ്ട്. ഒപ്പം അണിയറയിൽ‌ സിനിമാ ചർച്ചകളും നടക്കുന്നു.