ഹിമാചലി ഗാനംപാടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉൾപ്പെടെ അഭിനന്ദനം ഏറ്റുവാങ്ങിയ തിരുവനന്തപുരം സ്വദേശി എസ്.എസ്. ദേവികയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ ക്ഷണിച്ചുവരുത്തി അഭിനന്ദിച്ചു. പാട്ട് നേരിട്ട് ആസ്വദിച്ച ഗവര്‍ണറും ഭാര്യയും ഉപഹാരങ്ങളും നല്‍കിയാണ് ദേവികയെ മടക്കിയയച്ചത്. ദേവികയെ ക്ഷണിച്ചതിനെക്കുറിച്ച് അദ്ദേഹം നേരത്തെ തന്നെ ട്വീറ്റ് ചെയ്തിരുന്നു. 

‘ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്’ പദ്ധതിയുടെ ഭാഗമായി ‘ചംപാ കിത്തനി ദൂർ’ എന്ന ഹിമാചലി നാടോടി ഗാനം ആലപിച്ചാണ് ദേവിക ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ചത്. പാട്ട് ഞൊടിയിടയിൽ വൈറലായതോടെ ഹിമാചൽപ്രദേശ് മുഖ്യമന്ത്രി  ജയ്റാം ഠാക്കുർ കൊച്ചു ഗായികയെ പ്രശംസിക്കുകയും ഹിമാചൽപ്രദേശിലേയ്ക്കു ക്ഷണിക്കുകയും ചെയ്തു. ‘കേരളത്തിന്റെ പുത്രി’ എന്നാണ് അദ്ദേഹം ദേവികയെ അഭിസംബോധന ചെയ്തത്. 

തൊട്ടു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസയും ഈ കലാകാരിയെത്തേടിയെത്തി. മനോരമ ന്യൂസ് വാര്‍ത്ത പങ്കുവച്ച് മലയാളത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദനം. പട്ടം കേന്ദ്രീയവിദ്യാലയത്തിലെ ഈ ഒപതാം ക്ലാസുകാരിയുടെ പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ നാൽപ്പത് ലക്ഷത്തിലധികം പേർ കണ്ടു.