മികച്ച ഗായകനുള്ള പുരസ്കാരം സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവയ്ക്കാൻ വാക്കുകൾ കിട്ടാത്ത അവസ്ഥയിലാണ് പിന്നണി ഗായകൻ നജീം അർഷാദ്. ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലെ ‘ആത്മാവിലെ ആഴങ്ങളിൽ’ എന്ന ഗാനത്തിലൂടെയാണ് മികച്ച ഗായകനുള്ള പുരസ്കാരം നജീമിനെത്തേടിയെത്തിയത്. പുരസ്കാര ജേതാക്കളുടെ പേരുകൾ ഓരോന്നായി പ്രഖ്യാപിക്കപ്പെട്ടപ്പോഴും അക്കൂട്ടത്തിൽ തന്റെ പേരുണ്ടാകുമെന്ന് നജീം വെറുതേ പോലും വിചാരിച്ചിരുന്നില്ല. അപ്രതീക്ഷിത നേട്ടത്തെക്കുറിച്ച് നജീമിന്റെ പ്രതികരണം ഇങ്ങനെ:

‘ഒരുപാടൊരുപാട് സന്തോഷം തോന്നുന്നു. അത് എങ്ങനെ പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ല. സത്യത്തിൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഏറെ ശ്രമകരമായാണ് ഞാൻ ആ ഗാനം പാടിയത്. എന്റെ സുഹൃത്ത് വില്യം ഫ്രാൻസിസ്‍ ആണ് ഈ പാട്ടിന്റെ സംഗീതസംവിധായകൻ. അവൻ ആദ്യമായി സംഗീതം നൽകിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. ആ ഗാനം എന്നെക്കൊണ്ടു പാടിപ്പിക്കണമെന്ന് അവനു വലിയ ആഗ്രഹമുണ്ടായിരുന്നു. 

ഏറെ ശ്രമകരമായാണ് ഞാൻ അത് പാടിയത്. വില്യം ഇപ്പോൾ എനിക്കൊപ്പമുണ്ട്. ഞങ്ങൾ തമ്മിൽ ദീർഘ കാലത്തെ സൗഹൃദമാണ്. പുരസ്കാര നേട്ടത്തിന്റെ സന്തോഷം അവനൊപ്പം പങ്കുവയ്ക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നുന്നു. ഇപ്പോൾ മൊത്തത്തിൽ ഹാപ്പിയാണ്’.