അവൻ വരയ്ക്കുകയായിരുന്നു ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ ആ ദിവ്യരൂപം. അവന്റെ സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം ചാലിച്ച നിറക്കൂട്ടുകൾകൊണ്ടായിരുന്നു വര. കുറവുകളെപ്പോലും നിറവുകളായിക്കണ്ട് മറ്റുള്ളവർക്കു മുന്നിൽ പുഞ്ചിരി തൂകി ആ ചെറുപ്പക്കാരൻ ഇഷ്ടചിത്രം വരച്ചു തീർത്തപ്പോഴേയ്ക്കും അവിടെ ഒരു പാട്ട് പിറക്കുകയായിരുന്നു. ‘നീ അകന്നാലും’ എന്ന ക്രിസ്തീയ ഭക്തിഗാനത്തെക്കുറിച്ച് ഇത്തരമൊരു സംഗ്രഹം നൽകുന്നതാകും ഉചിതം. 

‘ഒന്നുമേ മിണ്ടാതെ എൻ നേർക്കു നോക്കാതെ

കുഞ്ഞേ ഉറങ്ങി നീ ഇന്നും 

കാത്തിരുന്നില്ലേ ഞാനീ ദിനം മുഴുവനും 

നിൻ തിരക്കെല്ലാം ഒഴിയാൻ 

എന്നാലുമെന്നിൽ പരിഭവമില്ലാ

നീയെന്റെയോമന പൈതലല്ലേ....’ 

‘ഒന്നുമേ മിണ്ടാതെ’ എന്നു തുടങ്ങുന്ന ഈ മനോഹര മെലഡി ഇപ്പോൾ ആസ്വാദകഹൃദയങ്ങൾ കീഴടക്കുകയാണ്. ദീപ ബിബിൻ വരികളൊരുക്കിയ പാട്ടിന് ആൽബിൻ ജോയ്‌യുടെ സംഗീതം. വിൽസൺ പിറവം ഗാനം ആലപിച്ചു. കുറവുകളിലും തളരാതെ ഉണർവോടെ ജീവിതം നയിക്കുന്ന കഥാപാത്രത്തെയാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത് ഏബൽ ജോസ്, ആൻമേരി ജേക്കബ്, പെൻസിൽ ആർട്ടിസ്റ്റ് തേജസ് ആന്റണി എന്നിവരാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. 

പാട്ട് ഇതിനോടകം ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. ക്ലിയർ ടിപ്സ് ബാനറിൽ ബിബിൻ പോൾ ആണ് വിഡിയോയുടെ നിർമാണം. അബിൻ ജോസഫും ഗ്ലാഡ്സൺ പത്രോസും ചേർന്ന് ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചു. ശരത് അങ്കമാലി ചിത്രീകരിച്ച ഗാനം ഡിബിൻ ബാലൻ എഡിറ്റ് ചെയ്തു. ജേക്കബ് കൊരട്ടിയാണ് ഓർക്കസ്ട്രേഷൻ. ആദ്യ കേൾവിയിൽത്തന്നെ മനസ്സിൽ കയറുന്ന സുന്ദരഗീതമാണിതെന്ന് പ്രേക്ഷകർ പ്രതികരിച്ചു.