മതവും വിശ്വാസവും ഏതായാലും മനുഷ്യരെല്ലാം ഒരുമയോടെ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതുമല്ലേ ഏറ്റവും വലിയ നന്മ. മനുഷ്യരുടെ ഇടയിൽ ജാതി–മത വേരുകൾ ആഴത്തിൽ പടരാൻ തുടങ്ങിയിട്ട് വർഷമെത്രയോ പിന്നിട്ടിരിക്കുന്നു. ശ്രീരാമനും ക്രിസ്തുവും അള്ളാഹുവും പക്ഷേ ഇങ്ങനെയൊക്കെ ചിന്തിക്കുന്നുണ്ടാകുമോ? വേദനിക്കുന്നവരുടെ കണ്ണീരൊപ്പണം എന്നല്ലേ ഓരോ മതഗ്രന്ഥവും പകർന്നു തരുന്ന മഹത്തായ സന്ദേശം. ‍മതത്തേക്കാളുപരി മനുഷ്യത്വത്തെ കൂട്ടുപിടിച്ച് പ്രതിസന്ധികളിലും ഒപ്പമുള്ളരെ ചേർത്തു നിർത്തുന്ന വലിയ കരുതൽ നിറച്ച് പാട്ടൊരുക്കിയിരിക്കുകയാണ് പിന്നണി ഗായകനും അഭിനേതാവുമായ റിനോഷ് ജോർജ്. 

മതസൗഹാർദ്ദത്തിന്റെ സുന്ദരമായ കാഴ്ചയാണ് പാട്ടിൽ കോർത്തിണക്കിയത്. ‘ലവ് വി വിൽ ഫൈൻഡ്’ എന്ന ഈ ഗാനം റിനോഷ് തന്നെ രചിച്ച് ചിട്ടപ്പെടുത്തി ആലപിച്ചതാണ്. ഒരു നനുത്ത സ്വപ്നത്തിന്റെ മായക്കാഴ്ചകള്‍ പാട്ടില്‍ പ്രതിഫലിക്കുന്നു. വെറുപ്പും വിദ്വേഷവും അകന്ന് എല്ലാവരും ഒന്നായിരിക്കണം ഒരേ തരത്തിൽ ചിന്തിക്കണം എന്ന വലിയ സന്ദേശമാണ് റിനോഷ് പാട്ടിൽ പറഞ്ഞു വയ്ക്കുന്നത്. 

ലോക്ഡൗൺ സമയത്താണ് അദ്ദേഹം പാട്ടിനു വരികളൊരുക്കിയത്. അതിനാൽ തന്നെ ക്വാറന്റീനും കോവിഡ് നിയന്ത്രണങ്ങളുമെല്ലാം പാട്ടിൽ തെളിഞ്ഞു കാണാം. മഹാമാരിയോടുള്ള പോരാട്ടത്തിൽ ആത്മസമർപ്പണത്തോടെ മുൻനിരയിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകർക്കായുള്ള ആദരം കൂടിയാണ് ഈ ഗാനമെന്ന് റിനോഷ് മനോരമ ഓൺലൈനിനോടു പറഞ്ഞു. എല്ലാവർക്കും മനസ്സിലാകും വിധത്തിൽ‌ സുന്ദരവും ലളിതവുമായാണ് ഗാനം ഒരുക്കിയത്. പാട്ടിനു മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും റിനോഷ് പ്രതികരിച്ചു. 

2018ല്‍ പുറത്തിറങ്ങിയ ‘നോൺസെൻസ്’ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെ സിനിമാസ്വാദകർക്ക് ഏറെ പരിചിതനാണ് റിനോഷ്. താരത്തിന്റെ പുതിയ പാട്ടും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പാട്ടവതരണത്തിലെ വ്യത്യസ്തതയെയും പറഞ്ഞുവയ്ക്കുന്ന സന്ദേശത്തെയും കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണിപ്പോൾ. ബെംഗലുരുവിലും മാംഗ്ലൂരിലും വച്ചാണ് പാട്ടിന്റെ ചിത്രീകരണം നടത്തിയത്. വെറൈറ്റി പാട്ടിനെ ആസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിച്ചു കഴിഞ്ഞു. കണ്ണും മനസ്സും കൊടുത്ത് കേട്ടിരിക്കാൻ തോന്നുന്നു എന്നാണ് പ്രേക്ഷകപക്ഷം.