ദീർഘ നാളത്തെ ഇടവേളയ്ക്കു ശേഷം ഗായകൻ സന്നിധാനന്ദന്റെ പാട്ട് കേട്ടതിന്റെ സന്തോഷത്തിലാണ് സംഗീതാസ്വാദകർ. ഗായകനെ വീണ്ടും മുൻനിരയിലേയ്ക്കെത്തിച്ചതാകട്ടെ മലയാളികളുടെ ഇഷ്ട സംഗീതസംവിധായകൻ ഗോപി സുന്ദറും. അദ്ദേഹം ഈയടുത്ത കാലത്ത് പുറത്തിറക്കിയ അയ്യപ്പ ഭക്തിഗനത്തിലൂടെയാണ് സന്നിധാനന്ദന്റെ സ്വരം വീണ്ടും ആസ്വാദകർക്കരികിലെത്തിയത്. ഇതിനു മുൻപ് ഗായകൻ ഇമ്രാൻ ഖാനെ തേടിച്ചെന്നു കണ്ട് ഗോപി സുന്ദർ പാടാൻ അവസരം നൽകിയത് വലിയ വാർത്തയായിരുന്നു. അധികമാരാലും ശ്രദ്ധിക്കപ്പെടാതെ പോയ, എന്നാൽ വളരാനും മുൻനിരയിലെത്താനും ഏറെ അർഹതയുള്ള കലാകാരന്മാരെ കണ്ടെത്തി വളർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ‘ഗോപിസുന്ദർ മ്യൂസിക് കമ്പനി’ ആരംഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. പുതിയ പാട്ടു വിശേഷങ്ങൾ ഗോപി സുന്ദർ മനോരമ ഓൺലൈനിനോടു പങ്കുവച്ചപ്പോൾ. 

‘ശ്രദ്ധിക്കപ്പെടാതെ പോയ ഗായകരെ മുന്നോട്ടു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ‘ഗോപിസുന്ദർ മ്യൂസിക് കമ്പനി’ ആരംഭിച്ചിരിക്കുന്നത്. സിത്താര കൃഷ്ണകുമാറിനെക്കൊണ്ട് ഇന്ദുമതി എന്ന ഗാനമാണ് ഇതിന്റെ പ്രമോഷന്റെ ഭാഗമായി ചെയ്യിപ്പിച്ചത്. തുടർന്ന് ശ്രദ്ധിക്കപ്പെടാതെ പോയ ഗായകരെ തിരഞ്ഞു കണ്ടെത്തി. അങ്ങനെ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ, എന്നാൽ ഇപ്പോൾ ഓട്ടോറിക്ഷ ഓടിച്ചു ജീവിതം നയിക്കുന്ന ഗായകൻ ഇമ്രാൻ ഖാനെ കണ്ടെത്തി ഒരു പാട്ട് പാടിപ്പിച്ചു. ഒക്ടോബറിൽ ആണ് അത് പുറത്തിറക്കിയത്. പാട്ട് ശ്രദ്ധിക്കപ്പെട്ടതോടെ ഇമ്രാൻ ഖാനെ തേടി വേറെയും അവസരങ്ങൾ വന്നു എന്നറിയാൻ കഴിഞ്ഞു. അതിലൊരുപാട് സന്തോഷവും തോന്നുന്നു.

ഇമ്രാൻ ഖാന്റെ പാട്ട് പുറത്തിറങ്ങിയതിനു ശേഷം ഒരുപാട് പേർ എനിക്കു വ്യക്തിപരമായി മെസേജുകൾ അയച്ചിരുന്നു. അടുത്ത പാട്ടിനായി അവരിൽ പലരും മുന്നോട്ടു വച്ച പേരുകളില്‍ ഒന്നാണ് സന്നിധാനന്ദന്റേത്. അദ്ദേഹത്തെക്കൊണ്ട് ഒരു പാട്ട് പാടിപ്പിക്കണമെന്നു പലരും അഭിപ്രായപ്പെട്ടു. അങ്ങനെ പ്രേക്ഷകപ്രതികരണങ്ങള്‍ പരിഗണിച്ചാണ് അടുത്ത പാട്ടിലേയ്ക്കുള്ള ഗായകനെ തിരഞ്ഞെടുത്തത്. ഒരു സമയത്ത് കടന്നു വരികയും എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ മുഖ്യധാരയിൽ നിന്നും പാടേ അപ്രത്യക്ഷനാവുകയും ചെയ്ത ഗായകനാണ് സന്നിധാനന്ദൻ. അദ്ദേഹത്തെ മുൻനിരയിലേയ്ക്ക് എത്തിക്കണമെന്ന് എനിക്കും തോന്നി. അങ്ങനെയാണ് ഈ അയ്യപ്പഭക്തിഗാനം അദ്ദേഹത്തെക്കൊണ്ടു തന്നെ പാടിപ്പിക്കാമെന്നു തീരുമാനിച്ചത്. 

ഇനിയും തീര്‍ച്ചയായും ഇത്തരത്തിലുള്ള കലാകാരന്മാരെ കണ്ടെത്തുകയും അവർക്കു പാടാനുള്ള അവസരം നൽകുകയും ചെയ്യും. അവരെ ഉയർത്തിക്കൊണ്ടുവരാൻ തീർച്ചയായും എല്ലാവരുടെയും പിന്തുണ വേണം. തെളിഞ്ഞു നിൽക്കുന്നവരെ വീണ്ടും തെളിയിച്ചു മാർക്കറ്റിങ് നടത്തുന്ന ഒരു ലോകത്തിനു മുന്നിൽ ഇത്തരത്തിൽ ആരും കാണാതെ പോയ, എന്നാൽ വളരാന്‍ ആഗ്രഹമുള്ള, മുഖ്യധാരയിലെത്താൻ എല്ലാ കഴിവും അർഹതയുമുള്ള ഇത്തരം കലാകാരന്മാരെ വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും െചയ്യണം. അത്തരമൊരു ലക്ഷ്യത്തിലൂടെയാണ് ഇങ്ങനൊരു സംരംഭത്തിനു തുടക്കം കുറിച്ചത്.’ 

ഈ പാട്ടിനെക്കുറിച്ചു പ്രത്യേകമായി പറഞ്ഞാൽ, സാധാരണയായി പുറത്തിറക്കാറുള്ള അയ്യപ്പഭക്തിഗാനങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായാണ് ഇതൊരുക്കിയത്. ഭക്തനാണ് യഥാർഥത്തിൽ അയ്യപ്പൻ എന്ന കാഴ്ചപ്പാടിലൂടെയാണ് പാട്ട് അവതരിപ്പിച്ചിരിക്കുന്നത്. യഥാർഥത്തിൽ സന്നിധാനന്ദന്റെ കഥയാണ് ഇതിൽ പറഞ്ഞിരിക്കുന്നത്. ഓരോ ഭക്തനും അയ്യപ്പനാണ് എന്ന ആശയമാണ് പാട്ടിലൂടെ പറഞ്ഞുവയ്ക്കുന്നത്. ബി.കെ ഹരിനാരായണൻ പാട്ടിനു വരികളൊരുക്കി. പാട്ടിന്റെ ചിത്രീകരണത്തിനായി തികച്ചും നാച്വറൽ ലൈറ്റുകൾ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്റെ എല്ലാ പാട്ടിലും ഈ രീതി തന്നെയാണു പിന്തുടരുന്നത്. എന്തായാലും എല്ലാം ശുഭകരമായി ഭവിച്ചു. പാട്ടിനു മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ ഏറെ സന്തോഷം’.– ഗോപി സുന്ദർ പറഞ്ഞു.