ലൈംഗികാരോപണം നേരിട്ടതിനു പിന്നാലെ റിയാലിറ്റി ഷോയിൽ നിന്നും സംഗീതസംവിധായകൻ അനു മാലിക്കിനെ പുറത്താക്കിയപ്പോൾ സഹപ്രവർത്തകൻ വിശാൽ ദദ്‌ലാനി മൗനം പാലിച്ചതെന്തുകൊണ്ടെന്നു ചോദിച്ച് ഗായിക സോന മഹപത്ര. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്ത തുടർന്ന് നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രബർത്തിയ്ക്കെതിരെ കേസെടുത്തപ്പോൾ വിശാലിനു പ്രതികരിക്കാൻ അറിയാമായിരുന്നുവെന്നും എന്നാൽ അനു മാലിക്കിനെതിരെ മീടൂ ആരോപണം ഉയർന്നപ്പോൾ എന്തുകൊണ്ട് വിശാൽ അദ്ദേഹത്തിനെതിരെ പ്രതികരിച്ചില്ല എന്നും സോന ചോദിക്കുന്നു. 

‘റിയയെക്കുറിച്ചോർക്കുമ്പോൾ വിശാലിന്റെ ഹൃദയത്തിൽ നിന്നും രക്തം ചിന്തുന്നു. എന്നാൽ അനു മാലിക്കിൽ നിന്ന് ദുരനുഭവം നേരിടേണ്ടി വന്ന മറ്റു സ്ത്രീകളുടെ കാര്യം എന്താണ്. ആ സംഭവത്തിൽ വിശാൽ എന്തുകൊണ്ട് മൗനം പാലിച്ചു. വിശാൽ എപ്പോഴും രണ്ടു നിലപാടുകള്‍ ആണ് സ്വീകരിക്കുന്നത്. പലപ്പോഴും സത്യങ്ങൾ ചിലരുടെ സൗകര്യത്തിനു വേണ്ടി മറച്ചുവയ്ക്കപ്പെടുന്നു. റിയ ചക്രബർത്തിയെക്കുറിച്ചോർക്കുമ്പോൾ വിശാലിന്റെ മനസ്സ് പിടയുകയാണ്. എന്നാൽ അന്ന് അപമാനിതരായ സ്ത്രീകളുടെ കാര്യത്തിൽ ഈ നീതി നടപ്പിലായില്ല. ആ അനുഭവം ഒരിക്കലും മറക്കാനാകില്ല. ഇന്ത്യ ആ സംഭവങ്ങളെ എക്കാലവും ഓർമിക്കും’.സോന 

2018ലാണ് അനു മാലിക്കിനെതിരെ നിരവധി സ്ത്രീകൾ ലൈംഗികാരോപണം ഉന്നയിച്ചത്. തുടർന്ന് അദ്ദേഹം വിധികർത്താവായി എത്തിയിരുന്ന ഇന്ത്യൻ ഐഡൽ എന്ന റിയാലിറ്റി ഷോയിൽ നിന്നും സംഘാടകർ ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. 2004 മുതൽ ഷോയുടെ ഭാഗമായിരുന്നു അനു മാലിക്. അദ്ദേഹത്തെ പുറത്താക്കിയത് ലൈംഗിക അതിക്രമങ്ങൾ നേരിട്ട സ്ത്രീകളുടെ വിജയമായി സോന മോഹപത്ര ഉയർത്തിക്കാണിച്ചിരുന്നു. അനു മാലിക്കിനെ പോലൊരാളെ ദേശീയ ചാനലിലൂടെ മറ്റുള്ളവർക്കു മുന്നിൽ‌ അവതരിപ്പിക്കുന്നത് വളരെ മോശം സന്ദേശങ്ങൾ നൽകുമെന്നും സോന അന്ന് തുറന്നടിച്ചിരുന്നു. സോന മോഹപത്രയെ കൂടാതെ ശ്വേത പണ്ഡിറ്റും നേഹ ബസിനും ആണ് അനു മാലിക്കിനെതിരെ ലൈംഗികാരോപണം ഉന്നയച്ചത്.