ക്രിസ്മസിന്റെ വരവറിയിച്ച് സുന്ദരസംഗീതവും ദൃശ്യഭംഗിയുമായി ഓസ്ട്രിയയിൽ നിന്നൊരു സംഗീത ആൽബം. ഫാ.വിൽസൺ മേച്ചേരിയാണ് പാട്ടിന് ഈണം പകർന്ന് ആലപിച്ചിരിക്കുന്നത്. ഫാ. ജിജോ കണ്ടംകുളത്തിയുടേതാണു വരികൾ. കഴിഞ്ഞ വർഷം ഫാ.ജിജോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമുണ്ടായ ചർച്ചകളിൽ നിന്നാണ് ഇത്തരമൊരു പാട്ടിനെക്കുറിച്ചുള്ള ആലോചനയുണർന്നതെന്ന് ഫാ. വില്‍സണ്‍ പറയുന്നു.

‘മഞ്ഞ് പൊഴിയുന്ന രാവിൽ

ഭൂമി മയങ്ങുന്ന നേരം

മാലാഖവൃന്ദങ്ങൾ പാടുന്ന ഗീതം

മാലോകരേറ്റേറ്റു പാടുന്നിതാ.....’

ഓസ്ട്രിയയിലെ മഞ്ഞുമലയിലാണ് പാട്ട് പൂർണമായും ചിത്രീകരിച്ചിരിക്കുന്നത്. മനം കുളിർപ്പിക്കും ഈണത്തിനൊപ്പം മനോഹരദൃശ്യങ്ങളും പാട്ടിനെ ഏറെ മികച്ചതാക്കുന്നു എന്നാണ് ആസ്വാദകപക്ഷം. സിമി കൈലത്താണ് പാട്ടിനു വേണ്ടി സുന്ദരദൃശ്യങ്ങൾ ഒപ്പിയെടുത്തത്. ആദർശ് കുര്യൻ എഡിറ്റിങ് നിർവഹിച്ചു. ജോസി ആലപ്പുഴ പുല്ലാങ്കുഴലിലും ഫ്രാൻസിസ് സേവ്യർ വയലിനിലും ഈണമൊരുക്കി. പ്രദീപ് ടോം ആണ് പാട്ടിന്റെ ഓര്‍ക്കസ്ട്രേഷൻ നിർവഹിച്ചത്. ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.