ഒാർമ്മയുടെ ഒാത്തുപള്ളിയിലിരുന്ന ഉപ്പ് കൂട്ടി പച്ചമാങ്ങാത്ത തിന്നാത്ത മലയാളിയുണ്ടോ? തോരാതെ പെയ്യുന്ന ആ നീലമേഘത്തെയോർത്ത് ഉള്ള് തുടിക്കാത്തവരാരെങ്കിലുമുണ്ടോ ? ഇല്ല എന്നതിന് തെളിവാണ് 40 വർഷം പിന്നിടുമ്പോഴും " ഒാത്തുപള്ളിയിലന്ന് നമ്മൾ പോയിടുന്ന കാലം "എന്ന പാട്ടിന് കിട്ടുന്ന സ്വീകാര്യത. ഏതൊരു മലയാളിയെയും ഞൊടിയിടയിൽ കുട്ടിക്കാലത്തേക്ക് കൈ പിടിക്കുെന്നാരു പാട്ട്. മനോഹരമായ വരികളിലേക്ക് മികച്ച സംഗീതവും ആലാപനവും അലിഞ്ഞ് ചേർന്ന് അനശ്വരമായൊരു ഗാനം കോവിഡ് പ്രതിസന്ധി തുടങ്ങും വരെ ഗായകൻ വി.ടി. മുരളിയെ വീട്ടിലിരിക്കാൻ സമ്മതിക്കാത്ത പാട്ടാണിത്. ആയിരക്കണക്കിന് വേദികളാണ് ഒത്തുപള്ളിക്കായ് കാതോർത്തിരുന്നത്. 

തൃശൂർ മുതൽ കാസർകോഡ് വരെ മാസത്തിൽ 15 തവണയെങ്കിലും ഒാടിപ്പിച്ച പാട്ട്. ഗായകനെന്ന രീതിയിലല്ലാതെ പൊതു പ്രവർത്തകനെന്ന രീതിയിൽ ഏത് പരിപാടിക്ക് പോയാലും ഗായകനെ വേദി വിട്ടിറങ്ങാൻ ആസ്വാദകർ അനുവദിക്കാറില്ല. ഉദ്ഘാടനമോ സ്വാഗതമോ അധ്യക്ഷ പ്രസംഗമോ ആയാലും കൂടെ ഒരു ഒാത്ത് പള്ളിയും നിർബന്ധം. ലളിതമെന്ന് തോന്നുമെങ്കിലും മറ്റാർക്കും അനുകരിക്കാനാവാത്തൊരു വിഷാദമധുരമിട്ടാണ് ആലാപനം. പാടി നിർത്തുമ്പോൾ ഒരു കട്ടുറുമ്പ് കടിച്ച വേദന ബാക്കിയാവുന്നു. ആ സുഖമുളള വേദന പകരാനായി , ഒരൊറ്റ പാട്ടു പാടാനായി മാത്രം വിദേശത്തുള്ള സംഗീത പരിപാടികളിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ട് അദ്ദേഹം.

വടകര കൃഷ്ണദാസ് എന്ന ഗായകൻ ചിട്ടപ്പെടുത്തി വേദികളിൽ അവതരിപ്പിച്ചു കൊണ്ടിരുന്ന ഗാനമായിരുന്നു പി.ടി. അബ്ദുറഹ്മാൻ രചിച്ച "ഒാത്തുപള്ളി' .വി.എം.കുട്ടിയുടെ സംഗീത പരിപാടികളിൽ മലബാറിലും ഗൾഫ് മലയാളികൾക്കിടയിലും മാത്രമായി ഒതുങ്ങിയൊരു പാട്ട്. 1979 ൽ തേൻതുള്ളി എന്ന സിനിമയിലേക്ക് സംവിധായകൻ കെ.പി. കുമാരൻ ഉപയോഗിച്ചതിലൂടെയാണ് പാട്ടിന്റെ തലവര മാറിയത്. കെ. രാഘവൻ മാസ്റ്റർ ഇശലിനൊപ്പിച്ച് നൽകിയ ഇൗണത്തിൽ 'കോന്തലക്കലെ നെല്ലിക്കയും ആ ചൂരൽവീശലും സുഖമുള്ള ഒരു നോവായി തലമുറകളിലേക്ക് ഒഴുകി.

തുടക്കത്തിൽ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ആകാശവാണിയിലൂടെയാണ് പാട്ട് മലയാളി മനസ്സിൽ ചിരപ്രതിഷ്ഠ നേടിയത്. ഗൾഫിലെ എഫ്.എം.സ്റ്റേഷനുകൾ ശ്രോതാക്കളുടെ അഭ്യർത്ഥന മാനിച്ച് ഒരു ദിവസം തന്നെ രണ്ട് തവണ പ്രക്ഷേപണം ചെയ്ത പാട്ടാണ് ഒാത്തുപള്ളി. അവിടെ മാസം മുഴുവൻ തുടർച്ചയായി പ്രക്ഷേപണം ചെയ്ത ഒരേയൊരു പാട്ടും ഒാത്തുപള്ളിയാണ്. മാപ്പിള ശൈലിയിൽ ചിട്ടപ്പെടുത്തിയതാണെങ്കിലും വരികളും ഇൗണവും ആലാപനവും നൽകുന്ന സുഖം കൊണ്ട് അത്രമേൽ ജനകീയമായ ഒരു പാട്ടാണിത് .ഇൗ കോവിഡ് കാലത്തെ സമ്മർദ്ദങ്ങൾക്കിടയിൽ ലോകമെങ്ങുമുള്ള മലയാളികൾ ആവർത്തിച്ച് കേട്ടതും ഇൗ പാട്ടായിരിക്കണം. പിന്നിട്ട കുട്ടിക്കാലത്തിന്റെ നെല്ലിക്കാമധുരവും ചവർപ്പും നുണയാൻ  മറ്റേത് പാട്ടാണ് നമുക്കുള്ളത്. ?