നിരാശയിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ വരുന്നതിനെക്കുറിച്ചൊരു പാട്ട്. കെ.ജയകുമാറെന്ന ഗാനരചയിതാവിനോട്  ' മഴ'  എന്ന സിനിമയിലേക്കായി ലെനിൻ രാജേന്ദ്രൻ ഇങ്ങനെയാവശ്യപ്പെട്ടപ്പോൾ ' 'മഞ്ഞിന്റെ മറയിട്ടൊരോർമ്മകൾക്കുള്ളിൽ മൃദുല നിലാവുദിക്കുന്നതായാണ്'  അദ്ദേഹത്തിന് തോന്നിയത്. പൂവിന്റെ സ്വപ്നങ്ങൾ പൂക്കളെക്കാളും മൃദുലവും സൗമ്യവുമായിരിക്കുമെന്ന് ഈ സിനിമയിലെ തന്നെ മറ്റൊരു പാട്ടിൽ പറയുന്ന കവി ഓർമ്മകൾക്കുള്ളിൽ നിലാവിനെ കണ്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. വെറും നിലാവല്ല മൃദുല നിലാവ്. രാത്രിയിൽ മഞ്ഞിന്റെ മറയിട്ട ഓർമ്മകളിലേക്ക് നിലാവ് പരക്കും പോലെ ഇരുട്ടിലേക്ക് വെളിച്ചം അരിച്ചിറങ്ങുകയാണ്. കഥാപാത്രത്തിന്റെ മൂഡ് മനോഹരമായി വരികളിൽ തെളിയുന്നുണ്ട്. രവീന്ദ്രന്റെ വശ്യ സംഗീതം കൂടിയാവുമ്പോൾ നിലാവ് പോലെ സൗമ്യമായൊരു നദിപോലെ പാട്ട് ഒഴുകുന്നു .

മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി എന്ന ചെറുകഥയെ ആസ്പദമായെടുത്തതാണ് ഈ സിനിമ. പോയ കാലത്തിന്റെ വേദനകളിൽ നിന്നും ജീവിതത്തെ തിരിച്ച് പിടിക്കുമ്പോൾ കൽത്താമരപ്പൂക്കൾ കാറ്റിൽ തുടിക്കുന്നത്  പോലെയും , ചായങ്ങൾ മായുന്ന ചുമർച്ചിത്രത്തിൽ മഴവില്ല് താനെ ഉദിക്കുന്നതായുമൊക്കെയാണ് നായികയ്ക്ക് തോന്നുന്നത്. പ്രശസ്തയായ ഡോക്ടറാണെങ്കിലും എഴുത്തുകാരികൂടിയാണ് നായിക. നഷ്ട പ്രണയത്തിന്റെ നോവുകൾ മറന്ന്  ജോലിത്തിരക്ക്, ഭർത്താവ് എന്നീ യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടാൻ ശ്രമിക്കുന്ന നായിക എഴുത്തിലും  കൃഷ്ണനിലുമാണ് അഭയം തേടുന്നത്. എന്റെ സ്വകാര്യ വിചാരങ്ങളൊക്കെ നിൻ മുളം തണ്ടിൽ തുളുമ്പുമെന്ന് 'അവൾ ആശ്വാസം കണ്ടെത്തുന്നു .

മാധവികുട്ടിയെ അറിയാവുന്നതിനാൽ ആ മനസിന്റെ  ആർദ്രത വരികളിലേക്ക് പകർത്താൻ ശ്രമിച്ചിരുന്നെന്ന് കെ.ജയകുമാർ പറയുന്നു, കഥാപാത്രത്തിന്റെ മനസിന്റെ ഭാവതലങ്ങൾ മനസിലാക്കി ചേരുന്ന ബിംബങ്ങൾ കണ്ടെത്തി. വ്യക്തിപരമായി അദ്ദേഹത്തിന് വളരെയിഷ്ടമുളള പാട്ട് കൂടിയാണത്.  സംയുക്ത വർമ്മ, ബിജു മേനോൻ, ലാൽ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.

മഞ്ഞിന്റെ മറയിട്ടൊരോർമ്മകൾക്കുള്ളിൽ

മൃദുല നിലാവുദിക്കുമ്പോൾ

കാലം കെടുത്തിയ കാർത്തിക ദീപ്തികൾ

താനേ തിളങ്ങുകയാണോ

കൽത്താമരപ്പൂവിതളുകൾ പിന്നെയും

കാറ്റിൽ തുടിക്കുകയാണോ

ചായങ്ങൾ മായുന്നോരീ ചുമർ ചിത്രത്തിൽ

മഴവില്ല് താനേ ഉദിച്ചു

മിഴി പൂട്ടി നിന്നാൽ തെളിയുന്ന തൊടിയിൽ

നീർമാതളങ്ങൾ തളിർത്തു

അകലെ നിന്നെത്തുന്ന നീലാംബരിയുടെ

ഒരു തൂക്കു മഞ്ചിൽ കിടന്നു

എന്റെ സ്വകാര്യ വിചാരങ്ങളൊക്കെയും നിൻ മുളം തണ്ടിൽ തുളുമ്പും..

കാട്ടുകടമ്പിന്റെ നിശ്വാസ സൗരഭം