ജിമിക്കി കമ്മൽ എന്ന ഹിറ്റ് പാട്ടിന്റെ വെള്ളിവെളിച്ചത്തിൽ മങ്ങിപ്പോയൊരു പാട്ടുണ്ട്. ‘വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തിൽ വയലാർ ശരത്ചന്ദ്ര വർമ എഴുതിയ ‘നീയും നിനക്കുള്ളൊരീ ഞാനും നിറയെ കുറുമ്പുള്ള കുഞ്ഞോളും’. കുടുംബത്തിന്റെ ഊഷ്മളത കോറിയിട്ടൊരു പാട്ട്. ബെന്നി.പി.നായരമ്പലത്തിന്റെ തിരക്കഥയിൽ ലാൽജോസ്–മോഹൻലാൽ ടീം ഒരുമിച്ചപ്പോൾ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. ചിത്രം പക്ഷേ ഹിറ്റായില്ല. ജിമിക്കിക്കമ്മൽ എന്ന ഗാനത്തിന്റെ പ്രശസ്തി കടൽ കടന്നു പോവുകയും ചെയ്തു. എന്നാൽ ബഹളങ്ങളില്‍ നിന്നകന്ന് ഒറ്റയ്ക്കിരിക്കുമ്പോൾ കേൾക്കാൻ സുഖമുള്ള പാട്ടാണ് ‘നീയും നിനക്കുള്ളൊരീ ഞാനും’.

ഒരു ഭാര്യ, ഭർത്താവ്, പെൺകുട്ടി ഇത്രയുമേയുള്ളു പാട്ടിൽ. ‘ഓംകാരം ശംഖിൽ ചേരുമ്പോൾ ഈറൻ മാറുന്ന വെൺമലരേ...’ എന്ന ഒറ്റവരിയിൽ തന്നെ വീട്ടമ്മമാരുടെ ഇഷ്ടം നേടിയ ഗാനരചയിതാവാണ് ശരത്ചന്ദ്ര വർമ. സ്വന്തം കുടുംബത്തെ ഓർത്ത് എഴുതിയാൽ മതിയെന്നാണ് ലാൽജോസ് ശരത്തിനോടു പറഞ്ഞത്. കടലിന്റെ പശ്ചാത്തലമുള്ളതിനാൽ ഒരു കടൽത്തീരവും കൂടി വേണമെന്നു മാത്രം. പ്രത്യേകിച്ച് ഒരു പാട്ടിനോട് ഇഷ്ടക്കൂടുതൽ പറയാനാവില്ലെങ്കിലും നിലാവിന്റെ സൗമ്യതയുള്ള ഒരു പാട്ടാണിതെന്ന് എഴുത്തുകാരൻ പറയും. ഓംകാരം സ്വന്തം ശ്രീമതിയെ നോക്കിയാണെഴുതിയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇത് കുടുംബത്തെ നോക്കിയും. ആ അടുപ്പവും ഇഷ്ടവും പാട്ടിനു ഭംഗി കൂട്ടുന്നു. ജീവിതത്തിന്റെ മണവും നിലാവിന്റെയും കുളിർമയുമുണ്ട് ഈ പാട്ടിൽ. ഷാൻ റഹ്മാന്റെ സംഗീതത്തിൽ മധു ബാലകൃഷ്ണൻ, വൃന്ദ എന്നിവരാണ് ആലാപനം. മനോഹരമായ ദൃശ്യാവിഷ്കാരവും പാട്ടിന്റെ മാറ്റ് കൂട്ടുന്നു. 

ഒരു തീരദേശ ക്യാംപസിന്റെ കഥ പറഞ്ഞ ചിത്രത്തിൽ പ്രൊഫസർ മൈക്കിൾ ഇടിക്കുള എന്ന കോളജ് വൈസ്പ്രിൻസിപ്പലായാണ് മോഹൻലാൽ എത്തിയത്. അനൂപ് മേനോൻ, അന്ന രേഷ്മ രാജൻ, പ്രിയങ്ക നായർ, സിദ്ദിഖ്, സലിം കുമാർ, ചെമ്പൻ വിനോദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. പുതിയ പ്രിൻസിപ്പൽ വിദ്യാർഥികളുടെ പ്രിയങ്കരനാകുന്നതും ഹോസ്റ്റൽ നിർമാണത്തിനുള്ള തുക കണ്ടെത്താനായി കോളജ് സ്ഥാപകരിലൊരാളുടെ ജീവിതത്തെക്കുറിച്ചുള്ള സിനിമയെടുക്കുന്നതും അതിൽ നായക കഥാപാത്രം ചെയ്യുന്നതുമാണ് കഥ.