കുടുംബാംഗങ്ങളോടൊപ്പം പുതുവർഷം ആഘോഷിക്കുന്നതിന്റെ വിഡിയോ പങ്കുവച്ച് ഗായിക സുജാത മോഹനും മകളും ഗായികയുമായ ശ്വേത മോഹനും. വീടിന്റെ ടെറസ്സിൽ ഇരുന്ന് അന്താക്ഷരി കളിക്കുന്ന വിഡിയോ ആണ് ഇരുവരും പോസ്റ്റ് ചെയ്തത്. സുജാതയുടെ ഭർത്താവ് ഡോ. കൃഷ്ണമോഹനും ശ്വേതയുടെ ഭർതൃമാതാപിതാക്കളും സഹോദരങ്ങളും ആണ് ആഘോഷരാവിൽ ഒരുമിച്ചത്.

കുടുംബാംഗങ്ങളെ ഓരോരുത്തരെയായി പരിചയപ്പെടുത്തിക്കൊണ്ടാണ് ശ്വേത വിഡിയോ ആരംഭിക്കുന്നത്. മലയാളത്തിലും തമിഴിലും ഹിന്ദിയിലുമുള്ള പാട്ടുകളാണ് അന്താക്ഷരിയിൽ പാടിയത്. ഇടയ്ക്ക് വീട്ടുകാർ തമ്മിലുള്ള രസകരമായ സംഭാഷണങ്ങളും കേൾക്കാം. വിഡിയോ എടുത്ത ശ്വേത ഇടയ്ക്ക് പ്രേക്ഷകരോടു സംവദിക്കുന്നുമുണ്ട്. താൻ വോയ്സ് റെസ്റ്റിൽ ആയതിനാൽ പാട്ട് പാടാൻ സാധിക്കില്ലെന്നും പക്ഷേ ഒപ്പമുള്ള ബാക്കിയുള്ളവർ എല്ലാവരും പ്രേക്ഷകർക്കായി പാടുമെന്നും ശ്വേത വ്യക്തമാക്കി. 

സുജാതയും ശ്വേതയും പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയത്തിനകം തന്നെ വൈറലായി. മുൻകൂട്ടി പദ്ധതി തയ്യാറാക്കാതെയാണ് അന്താക്ഷരി കളിച്ചതെന്ന് സുജാത കുറിച്ചു. എല്ലാവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ പുതുവർഷം ആശംസിച്ചുകൊണ്ടാണ് ശ്വേത വിഡിയോ അവസാനിപ്പിച്ചത്. മലയാളത്തിലും തമിഴിലും പുതുവർഷാശംസകൾ അറിയിച്ച് സുജാത മോഹൻ ഹ്രസ്വ വിഡിയോകൾ പങ്കുവച്ചിട്ടുണ്ട്.