സ്വപ്നങ്ങളില്ലാത്ത മനുഷ്യരുണ്ടോ? ഇല്ല എന്ന് ഒറ്റ വാക്കിൽ പറയാം. കണ്ണടച്ചിരുന്ന്, മനസ്സ് തുറന്ന് നാം കാണുന്ന സ്വപ്നങ്ങള്‍ ജീവിതത്തോടു തന്നെ മോഹം തോന്നിപ്പിക്കും. അവയിൽ പലതും പക്ഷേ പൂർത്തിയാകാതെ പാതിവഴിയിൽ പൊലിയുകയും ചെയ്യും. അകാലത്തിൽ വേർപെട്ട അനിൽ പനച്ചൂരാന്‍ എന്ന കവിഹൃദയത്തിനുമുണ്ടായിരുന്നു ഒരു സ്വപ്നം. അതു പക്ഷേ പാതിവഴിയിൽ അല്ല, പടിവാതിൽക്കൽ വച്ചാണ് പൊലിഞ്ഞു പോയത്. സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാട്’ എന്ന സിനിമയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. കാടോളം വിസ്തൃതമായ ഒരു മോഹം. 

കാടിന്റെ ചലനങ്ങളും വർണങ്ങളും ഒപ്പിയെടുക്കണമെന്ന ചിന്തയോടെയായിരുന്നു പനച്ചൂരാൻ ചിത്രത്തിനു വേണ്ടി പഠനങ്ങളും അന്വേഷണങ്ങളും നടത്തിയത്. മാവോയിസം നിലനിൽക്കുന്ന കാട്, ചുവന്ന കാട്, ഹരിതാഭമായ കാട്, ഇരുണ്ട കാട്, നിഷ്കളങ്കമായ കാട് എന്നിങ്ങനെ കാടിന്റെ വിവിധ തലങ്ങളും വകഭേദങ്ങളും അനിൽ പനച്ചൂരാന്‍ ചിത്രത്തിലൂടെ ചർച്ച ചെയ്യാൻ ആഗ്രഹിച്ചു. അക്കാര്യങ്ങളെക്കുറിച്ചൊക്കെ സുഹൃത്തുക്കളോടു വാചാലനാവുകയും ചെയ്തിരുന്നു. 

ദീർഘ നാളത്തെ പരിശ്രമത്തിനു ശേഷം തിരക്കഥ രചനയ്ക്കായി പനച്ചൂരാന്റെ തൂലിക ചലിച്ചു. ഏറെ പ്രയാസപ്പെട്ടുവെങ്കിലും ഒടുവിൽ എഴുതി പൂർത്തിയാക്കി. മികച്ച ഒരു നിർമാതാവിനെക്കൂടി കിട്ടിയതോടെ സിനിമയുടെ അനുബന്ധ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അദ്ദേഹം തീരുമാനിച്ചു. അടുത്ത രണ്ടാഴ്ചയ്ക്കകം ചിത്രീകരണം തുടങ്ങാനായിരുന്നു പദ്ധതി. പരിശ്രമത്തിന്റെ ഫലമായി കാര്യങ്ങൾ ഒത്തിണങ്ങി വന്നതിന്റെ സന്തോഷം അടുത്ത സുഹൃത്തുക്കളോട് പനച്ചൂരാൻ പങ്കുവച്ചിരുന്നു. 

അപ്രതീക്ഷിതമായി വന്ന് മരണം കവരുന്നതിന്റെ തലേന്നാൾ കൂടി അദ്ദേഹം ഇടവേളകളില്ലാതെ കാടിനെക്കുറിച്ചു സംസാരിച്ചിരുന്നു. അടുത്ത സുഹൃത്തും കവിയുമായ മുരുകൻ കാട്ടാക്കടയോട്. എടാ എന്റെ ചിത്രത്തിനു വേണ്ടി നീ പാട്ടുകൾ എഴുതണമെന്ന് സ്വാതന്ത്ര്യപൂർവം പറയുകയും ചെയ്തു. ആ നിമിഷത്തെക്കുറിച്ചോർക്കുമ്പോൾ കാട്ടാക്കടയുടെ വാക്കുകളിൽ വേദന തിങ്ങുന്നു. ഒരു കവി മറ്റൊരു കവിയെക്കൊണ്ടു പാട്ടെഴുതിക്കാനെടുത്ത തീരുമാനത്തെക്കുറിച്ചു ചോദിച്ചപ്പോൾ പനച്ചൂരാൻ ചൂണ്ടിക്കാണിച്ച ഉദാഹരണം ആ പദ്ധതിയെ ഏറെ ശരിവയ്ക്കുന്നതായിരുന്നു. ഭാസ്കരൻ മാഷ് സംവിധാനം ചെയ്ത ചിത്രത്തിനു വേണ്ടി ശ്രീകുമാരൻ തമ്പി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. അതുപോലെയുള്ള അന്തരീക്ഷം വീണ്ടും ഉണ്ടാകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.   

സ്വന്തം ചിത്രം വിജയകരമായി പൂർത്തിയാക്കി അത് ആരാധകരിലേയ്ക്കെത്തിക്കുന്ന നിമിഷം സ്വപ്നം കണ്ടിരുന്ന പനച്ചൂരാൻ പക്ഷേ അതേ ആരാധകരെ കണ്ണീരണിയിച്ച് മടങ്ങുകയാണ്. കടലോളം നൊമ്പരം പകർന്ന് ‘കാടോ’ളം മോഹം ബാക്കിയാക്കി.......