ഞാനറിയുന്ന മനുഷ്യരിൽ ഈ ഒരൊറ്റയാളാണു ശ്ലാഘ്യൻ, ഉത്തമൻ, ധന്യൻ എന്നു ഹിതോപദേശത്തിൽ പറഞ്ഞിരിക്കുന്നത് നമ്മൂടെ ദാസേട്ടനെക്കുറിച്ചുകൂടിയാണെന്നു പറയുന്നതിൽ അതിശയോക്തിയില്ല.

നിത്യം നമ്മുടെ കാതിൽ നിരന്തരം നിറയുന്ന 81 വർഷം ചെറുപ്പമുള്ള ഗന്ധർവനാദം. ഏതു മഹിമയിലും പിന്നിട്ട വഴികളെയും കഷ്ടപ്പാടുകളെയും മറക്കാത്ത ഒരു മഹദ്‌വ്യക്തി, വേലിക്കെട്ടുകൾക്കുപരിയായി ചിന്തിക്കുന്നയാൾ. പാട്ടിലും പ്രവർത്തിയിലും സാർവജനീനത ആഗ്രഹിക്കുന്ന പ്രതിഭ. അദ്ദേഹത്തെ അടുത്തറിയാൻ സാധിച്ചത് മറ്റു പലരേയും പോലെ എന്റെയും ഒരു വലിയ ഭാഗ്യമാണ്.

വിശുദ്ധ ഫ്രാൻസിസിന്റെ പ്രാർത്ഥനയെ ആധാരമാക്കി ഞാൻ രചിച്ച, ബേണി ഇഗ്നേഷ്യസ് സംഗീതം നൽകി ദാസേട്ടൻ പാടിയ ഈ ആനുകാലിക പ്രസക്തിയുള്ള സമാധാന പ്രാർത്ഥന അദ്ദേഹത്തിനു വളരെ പ്രിയപ്പെട്ടതാണ്. ദാസേട്ടനു ആയുരാരോഗ്യസൗഖ്യം സ്നേഹപൂർവം നേരുന്നു.