മലയാള ആൽബങ്ങളുടെ നിരയിൽ വായ കൊണ്ട് ഓർക്കസ്ട്രേഷൻ ഒരുക്കിയ ആദ്യ ഭക്തിഗാന ആൽബം ശ്രദ്ധേയമാകുന്നു. കോവിഡ് പശ്ചാത്തലത്തിലുള്ള മണ്ഡലകാലത്ത് ആൾത്തിരക്കും ഭക്താരവവുമില്ലാത്ത ശബരീസന്നിധിയെ അവതരിപ്പിക്കുന്ന ‘ആളൊഴിഞ്ഞ സന്നിധാനം’ എന്ന ഗാനം ജനശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. കഴിഞ്ഞ ഓണക്കാലത്ത് ‘ചെപ്പുകിലുക്കണ ചങ്ങാതീ’ എന്ന പാട്ടിന്റെ പാരഡി –‘എന്നെ വിളിക്കേണ്ട ചങ്ങാതീ ഇപ്പം വീട്ടിലിരിക്കേണ്ട ടൈമാണ്’ എന്ന പാട്ടുമായി വൈറലായ കണ്ണനുണ്ണി കലാഭവനും വിനീത് എരമല്ലൂരുമാണ് ഈ ആൽബത്തിന്റെയും പിന്നിൽ. 

മിമിക്രി ആർട്ടിസ്റ്റും റേഡിയോ ജോക്കിയുമായ കണ്ണനുണ്ണി ഒരു പുതുമയ്ക്ക് വിദേശ രാജ്യങ്ങളിൽ ഏറെ പ്രചാരമുള്ള ‘അക്കാപെല്ല’ (കണ്ഠനാളം കൊണ്ട് ഓർക്കസ്ട്ര ചെയ്യുന്ന രീതി) ആൽബത്തിൽ പരീക്ഷിക്കുകയായിരുന്നു. ഉടുക്കിന്റെ ശബ്ദമൊക്കെ വളരെ കൃത്യമായ ചാരുതയോടെ ചേർത്തിരിക്കുന്നു. കണ്ണനുണ്ണിയുടെ മകൻ മൂന്നുവയസ്സുകാരൻ അപ്പൂട്ടിയും ആൽബത്തിൽ അഭിനയിച്ചിട്ടുണ്ട്. 

പിന്നണി ഗായകൻ സന്നിധാനന്ദൻ, തിരക്കഥാകൃത്ത് സുധീഷ് വാരനാട്, സീരിയൽ താരങ്ങളായ സേതു സാഗർ, അരുൺ മോഹൻ, മിമിക്രി ആർട്ടിസ്റ്റ് ശശാങ്കൻ മയ്യനാട്, മിമിക്രി താരം കുട്ടി അഖിൽ എന്നിവരുടെ സമൂഹ മാധ്യമ പേജുകളിൽ റിലീസ് ചെയ്ത ആൽബം ഇതിനകം ഏറെ അഭിനന്ദനം നേടി.