എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ധനഞ്ജയ് പണ്ഡിറ്റ്റാവു മുണ്ഡെയ്ക്കെതിരെ ലൈംഗികപീഡന ആരോപണം ഉന്നയിച്ച് ഗായിക റെനു ശർമ. ധനഞ്ജയ് തന്നെ പലപ്പോഴായി നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ഗായിക വെളിപ്പെടുത്തി.‍ പരാതി നൽകിയെങ്കിലും മഹാരാഷ്ട്ര പൊലീസ് യാതൊരു നടപടിയുമെടുത്തില്ലെന്നും റെനു ആരോപിക്കുന്നു. 

പൊലീസിനു നൽകിയ പരാതിയുടെ ചിത്രം ഗായിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ബോളിവുഡിൽ മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്ത് ധനഞ്ജയ് പണ്ഡിറ്റ്റാവു തന്നെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. പരാതിയോട് ഉദാസീനമായ നിലപാട് കാണിച്ച മഹാരാഷ്ട്ര പൊലീസിനെ ഗായിക നിശിതമായി വിമർശിച്ചു. എന്‍സിപി നേതാവിനെതിരെയുള്ള പരാതി പൊലീസ് മുഖവിലയ്ക്കെടുത്തില്ലെന്നും സംഭവത്തിൽ ചെറുവിരൽ അനക്കാൻ പോലും തയാറാകുന്നില്ലെന്നും റെനു ആരോപിച്ചു. 

ജീവന്‍ അപകടത്തിലാണെന്നും പൊലീസ് സംരക്ഷണം വേണമെന്നും റെനു വ്യക്തമാക്കി. മുംബൈ പൊലീസിനെയും എൻസിപി അധ്യക്ഷൻ ശരദ് പവാർ, മകൾ സുപ്രിയ സുലെ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിജെപി നേതാവും മഹാരാഷ്ട്ര മുൻ മുൻമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെയും ടാഗ് ചെയ്തു കൊണ്ടാണ് റെനുവിന്റെ പോസ്റ്റ്. 

ഗായികയുടെ സഹോദരി കരുണ ശർമയുടെ ആദ്യഭർത്താവാണ് ധനഞ്ജയ് പണ്ഡിറ്റ്റാവു എന്നും ഭാര്യാസഹോദരി എന്ന സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി സ്നേഹം നടിച്ച് പലപ്പോഴായി ധനഞ്ജയ് റെനുവിനെ പീഡനത്തിന് ഇരയാക്കുകയായിരുന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.