അമ്മയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയവർക്കു നന്ദി അറിയിച്ച് സംഗീത ഇതിഹാസം എ ആർ റഹ്മാന്‍. ഇക്കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെയാണ് റഹ്മാൻ ആരാധകരോടുള്ള സ്നേഹം അറിയിച്ചത്. ഒപ്പം നിന്ന എല്ലാവരെയും എക്കാലവും ഓർമിക്കുമെന്ന് അദ്ദേഹം കുറിച്ചു. 

‘പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്നതിന് എല്ലാവർക്കും നന്ദി. നിങ്ങളുടെ പ്രാ‍ർഥനയെയും അനുശോചന സന്ദേശങ്ങളെയും സ്നേഹപൂർവം സ്മരിക്കുന്നു. ദൈവം നിങ്ങളെയെല്ലാവരെയും അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു. ഒപ്പം എല്ലാവർക്കും ശുഭകരമായ ഒരു നല്ല വർഷവും ആശംസിക്കുന്നു’, റഹ്മാൻ കുറിച്ചു.  

ഡിസംബർ 28നാണ് എ ആർ റഹ്മാന്റെ മാതാവ് കരീമ ബീഗം അന്തരിച്ചത്. 75 വയസ്സായിരുന്നു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ഗായിക എ.ആർ. റെയ്‌ഹാന, ഫാത്തിമ, ഇഷ്രത് എന്നിവരാണ് മറ്റു മക്കൾ. കരീമയുടെ മരണത്തിൽ സിനിമാ–സംഗീതരംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തിയിരുന്നു.