രാജസ്ഥാൻ യാത്രയുടെ വിഡിയോകൾ ആരാധകരുമായി പങ്കുവച്ച് ഗായിക റിമി ടോമി. രാജസ്ഥാനിലെ വിവിധയിടങ്ങളിലൂടെ യാത്ര ചെയ്ത താരം ഓരോ സ്ഥലവും അതിന്റെ പ്രത്യേകളും പ്രേക്ഷക‌ർക്കു പരിചയപ്പെടുത്തിക്കൊണ്ടാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. മരുഭൂമിയിലെ ഒട്ടകസവാരിയും ജീപ്പ് സവാരിയുമെല്ലാം ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിൽ. പൊരിവെയിലത്ത് മണൽ വാരിക്കളിക്കുന്നതിന്റെ ദൃശ്യങ്ങളും റിമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. 

യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്നവരോടു താരം സംസാരിക്കുന്നതും അവർക്കു വേണ്ടി പാട്ടു പാടുന്നതും വിവിധ തരത്തിലുള്ള രുചികൾ പരിചയപ്പെടുന്നതുമെല്ലാം വിഡിയോയിൽ കാണാം. രാജസ്ഥാനത്തിലെ വിവിധ സംസ്കാരങ്ങളും ജീവിതരീതിയുമെല്ലാം റിമി ‍ആരാധകർക്കു വിശദീകരിച്ചു കൊടുക്കുന്നുണ്ട്. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജസ്ഥാൻ യാത്രയുടെ വിശേഷങ്ങളുമായി പല വിഡിയോകളും റിമി ആരാധകർക്കു വേണ്ടി പോസ്റ്റ് ചെയ്തിരുന്നു. യാത്രയുടെ തുടക്കം മുതലുള്ള അനുഭവങ്ങൾ പങ്കുവച്ചും യാത്രാവഴികൾ ചിത്രീകരിച്ചും റിമി ടോമി പങ്കുവച്ച വിഡിയോകൾക്കു സമൂഹമാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. യാത്രയ്ക്കിടയിൽ എടുത്ത ചിത്രങ്ങളും വൈറലായിരുന്നു.