ഇതിഹാസ ഗായിക ലത മങ്കേഷ്കറിനെക്കുറിച്ച് അനാവശ്യ പ്രസ്താവന നടത്തിയ വ്യക്തിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വാക്പോര്. ലത മങ്കേഷ്കറിന്റേത് മികച്ച സ്വരമല്ല എന്നും ഗായികയ്ക്ക് അമിതപ്രാധാന്യം കൊടുക്കുകയാണെന്നുമുള്ള തരത്തിലായിരുന്നു പ്രസ്താവന. കാവേരി എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നുമാണ് പ്രസ്താവന പുറത്തു വന്നത്. ഗായികയ്ക്കു വളരെ മികച്ച സ്വരമുണ്ടെന്നാണ് ഇന്ത്യക്കാരുടെയൊന്നാകെയുള്ള ചിന്ത എന്നാണ് കാവേരി കുറിച്ചത്. 

ചുരുങ്ങിയ സമയം കൊണ്ടു തന്നെ പോസ്റ്റ് വൈറലായി. പ്രമുഖരുൾപ്പെടെ നിരവധി പേർ കാവേരിയെ നിശിതമായി വിമർശിച്ചു. ഗായകൻ അദ്നാന്‍ സമിയും പ്രതികരണവുമായി രംഗത്തെത്തി. മറ്റുള്ളവർക്കു മുൻപിൽ താങ്കളുടെ വിവരമല്ലായ്മ തുറന്നു കാണിക്കുന്നതിനേക്കാൾ നല്ലത് മിണ്ടാതിരിക്കുന്നതാണെന്നായിരുന്നു ഗായകന്റെ പ്രതികരണം. ലത മങ്കേഷ്കർ, ആശ ഭോസ്‌ലെ, നൂർ ജഹാൻ എന്നീ ഇതിഹാസ ഗായകർ ഒരുമിച്ചുള്ള ചിത്രവും അദ്നാൻ സമി പങ്കുവച്ചു.

സംവിധായകൻ വിവേക് അഗ്നിഹോത്രിയും ലതാ മങ്കേഷ്കറിനെ പിന്തുണച്ച് രംഗത്തെത്തി. ലതാ മങ്കേഷ്കറിനെ വെറുക്കുന്നവർക്കു വേണ്ടി പ്രാർഥിക്കുകയാണെന്നും അടുത്ത ജന്മത്തിലെങ്കിലും അവർ സാധാരണ മനുഷ്യരെപ്പോലെ ജനിക്കുകയും യഥാര്‍ഥ സൗന്ദര്യവും ദൈവികതയും തിരിച്ചറിയാൻ വിവേകമുള്ളവരായി മാറട്ടെയെന്നും അദ്ദേഹം കുറിച്ചു. താൻ ദൈവത്തിൽ വിശ്വസിക്കുന്നതിന്റെ കാരണം തന്നെ ലത മങ്കേഷ്കർ എന്ന ഗായിക ഉള്ളതു കൊണ്ടാണെന്നും വിവേക് കൂട്ടിച്ചേർത്തു. 

ലതാ മങ്കേഷ്കറിന്റെ നിരവധി ആരാധകരാണ് വിവാദ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ചത്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഗായികയെക്കുറിച്ചുള്ള ചർച്ചകളും സമൂഹമാധ്യമലോകത്തു സജീവമായി.