ഒരുമിച്ചു പാട്ടു പാടി ഗായകൻ ശങ്കർ മഹാദേവനും മകൻ ശിവം മഹാദേവനും. ഗായകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു. ‘ലബ് പർ ആയേ...’ എന്നു തുടങ്ങുന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചത്. അച്ഛനെപ്പോലെ തന്നെ മകന്റെ സ്വരവും അതി മനോഹരമാണെന്നാണ് ആസ്വാദകപക്ഷം. 

ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്ത സംഗീത ആൽബമാണിത്. ശങ്കർ ഇഷാൻ ലോയ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സമീർ സാമന്ദിന്റേതാണു വരികൾ. മികച്ച പ്രതികരണങ്ങൾ ലഭിച്ച പാട്ട് നിരവധി ആസ്വാദകരെയും സ്വന്തമാക്കിയിട്ടുണ്ട്. ജാവേദ് അലിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.  

ശങ്കർ മഹാദേവന്റെ സമൂഹമാധ്യമ പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്. അദ്ദേഹത്തിന്റെ മകന്റെ പ്രകടനം എടുത്തു പറഞ്ഞ് നിരവധി പേർ‌ പ്രതികരണങ്ങൾ രേഖപ്പെടുത്തി. ഇതിനു മുൻപും ശങ്കർ മഹാദേവനും മകനും ഒരുമിച്ചുള്ള വിഡിയോകൾ ശ്രദ്ധേയമായിട്ടുണ്ട്.