അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കുമ്പോൾ ആഘോഷങ്ങൾക്കു മാറ്റുകൂട്ടാൻ പോപ് താരങ്ങളും അണിനിരക്കും. ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിൽ ഓസ്കർ പുരസ്കാര ജേതാവ് ലേഡി ഗാഗയുടെ ശബ്ദത്തിലാകും ദേശീയ ഗാനം മുഴങ്ങിക്കേൾക്കുക. ബറാക് ഒബാമ സ്ഥാനമേറ്റപ്പോൾ പോപ് താരം ബിയോൺസിയാണ് ദേശീയ ഗാനം ആലപിച്ചത്.

കോവിഡ് നിയന്ത്രണങ്ങളോടെ നടക്കുന്ന ചടങ്ങിൽ അഭിനേത്രിയും ഗായികയുമായ ജെന്നിഫർ ലോപ്പസും സംഗീതവിരുന്നൊരുക്കും. കവിതാവായന അമാൻഡ ഗോർമാൻ. ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ ഉദ്ഘാടന വേളയിൽ താരങ്ങൾ സംഗീതവിരുന്നൊരുക്കുന്നതു സംബന്ധിച്ച് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. 

പുതിയ പ്രസിഡന്റിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രൈം ടൈം ഷോയിൽ ഹോളിവുഡ് നടൻ ടോം ഹാങ്ക്സ് അവതാരകനായെത്തും. സ്ഥാനാരോഹണ ചടങ്ങിനെത്താൻ കഴിയാത്തവർക്കു വേണ്ടിയാണ് സെലിബ്രേറ്റിങ് അമേരിക്ക എന്ന പ്രത്യേക പരിപാടിയൊരുക്കുന്നത്. ഒന്നര മണിക്കൂർ നീളുന്ന പരിപാടിയില്‍ താരങ്ങളുൾപ്പെടെ നിരവധി പേർ പങ്കെടുക്കും. ഇന്ത്യന്‍ സമയം ജനുവരി 21നു രാവിലെ 7 മണിക്കാണ് പരിപാടി.