കോവിഡ് കാലത്തെ ഒറ്റപ്പെടലിന്റെ വേദന വരച്ചിട്ട് പുറത്തിറക്കിയ ‘അരികിൽ’ എന്ന സംഗീത ആൽബം ശ്രദ്ധേയമാകുന്നു. അടുപ്പങ്ങള്‍ക്കിടയിൽ അകലങ്ങൾ തീർത്ത മഹാമാരിക്കാലത്ത് ഒറ്റപ്പെട്ടു ജീവിക്കേണ്ടി വന്ന യുവ ഡോക്ടറുടെ ആത്മസംഘർഷങ്ങളുടെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും കഥ പറയുകയാണ് പാട്ട്. 

ലണ്ടനിൽ താമസമാക്കിയ മീര കമലയാണ് പാട്ടിനു വരികൾ കുറിച്ചത്. സച്ചിൻ മന്നത് സംഗീതവും സുഭാഷ് പാശ്ചാത്തല സംഗീതമൊരുക്കി. വൈഷ്ണവി, കമല മോഹൻ, സിന്ധു, ഗോപിക, ആരോമൽ എന്നിവരാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. ഗോപിക കലാസംവിധാനം നിർവഹിച്ചു. പ്രകൃതി സുന്ദരദൃശ്യങ്ങൾ കോർത്തിണക്കിയൊരുക്കിയ പാട്ടിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തതും വിഡിയോയുടെ എഡിറ്റിങ് നിർവഹിച്ചതും പ്രകൃതി–വന്യജീവി ഫൊട്ടോഗ്രാഫർ ബിജു കാരക്കോണമാണ്. 

ഇതിനോടകം ഏറെ ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. മാനസികസംഘർഷങ്ങൾക്കും നൊമ്പരങ്ങൾക്കുമിടയിലും എല്ലാം മറന്നു സേവനസന്നദ്ധരാകുന്ന ആരോഗ്യപ്രവർത്തകരുടെ നേർ ചിത്രമാണ് ഗാനമെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. വ്യത്യസ്തമായ ആശയാവതരണത്തിലൂടെയൊരുക്കിയ പാട്ട് നിരവധി ആസ്വദകരെ സ്വന്തമാക്കി. പാട്ടിന്റെ പിന്നണി പ്രവർത്തകരെ പ്രശംസിച്ചും ആശംസകൾ നേർന്നും നിരവധി പേരാണ് രംഗത്തു വന്നത്.