സംഗീതസംവിധായകൻ ജേക്സ് ബിജോയ്‌യെക്കുറിച്ചു വാചാലനായി പൃഥ്വിരാജ്. ഇരുവരും ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച താരം എഴുതിയ അടിക്കുറിപ്പ് ഏറെ ശ്രദ്ധേയമായി. പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ ‘കുരുതി’യ്ക്കു വേണ്ടി സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയ് ആണ്. ചിത്രത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനത്തെ പ്രശംസിച്ചുകൊണ്ടാണ് പൃഥ്വിരാജിന്റെ കുറിപ്പ്. 

‘കുരുതിയ്ക്കു വേണ്ടി താങ്കൾ ഇതുവരെ ചെയ്തതും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതുമായ പ്രവർത്തനങ്ങൾ യഥാർഥത്തിൽ ഏതൊരു ഫിലിം മേക്കറിന്റെയും സ്വപ്നമാണ്. വർഷങ്ങളായി എനിക്ക് പരിചയവും അടുപ്പവുമുള്ള ഇദ്ദേഹത്തിൽ നിന്നും തികച്ചും അസാധാരണവും എന്നാൽ ശോഭയുള്ളതുമായ ചിലത് ഞാൻ ശ്രദ്ധിക്കുകയുണ്ടായി. മാത്രവുമല്ല, വീട്ടിൽ നിന്നും അദ്ദേഹം സ്വാദേറിയ ആഹാരവും വിളമ്പിത്തന്നു. ആ രുചിക്കൂട്ടിനു നന്ദി.’–പൃഥ്വിരാജ് സമൂഹമാധ്യമത്തിൽ കുറിച്ചു.  

പൃഥ്വിരാജിന്റെ പോസ്റ്റിനു പിന്നാലെ ഭാര്യ സുപ്രിയ മേനോന്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. പൃഥ്വി വീട്ടിൽ വന്നതിന്റെ സന്തോഷം ജേക്സ് ബിജോയ്‌യും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. മനു വാരിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുരുതി. ‌സുപ്രിയ മേനോൻ ആണ് നിർമാണം. ‍ഷൈൻ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷൻ മാത്യു, നവാസ് വള്ളിക്കുന്ന്, മണികണ്ഠന്‍ ആചാരി, നസ്‌‌ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.