സൂപ്പർഹിറ്റ് പാട്ടിനൊപ്പം തകർപ്പൻ ചുവടുകളുമായി തെരുവിലൂടെ ആടി പാടി ആസ്വാദക ഹൃദയങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ് ഗായിക ഗൗരി ലക്ഷ്മി. ഇത്തവണ തൊണ്ണൂറുകളിലെ ഹിറ്റ് ഹിന്ദി ഗാനമായ 'ചോളി കെ പീച്ചേ ക്യാഹേ'.. യുടെ റിമീക്‌സുമായാണ് ഗൗരി ലക്ഷ്മി എത്തിയത്. പാട്ടിന്റെ വേറിട്ട ആലാപന ശൈലിയും ചുവടുകളും ഗൗരിയുടെ കവർ പതിപ്പിനെ വ്യത്യസ്തമാക്കുന്നു.

തെരുവിലൂടെ ചുവടുകൾ വച്ച് ഗാനം ആലപിക്കുന്ന ഗൗരി ലക്ഷ്മിയെയും കൂട്ടരെയുമാണ് വിഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. അമിത എസ് റാം, അശ്വിനി പി.വി , ഗ്രീഷ്മ നരേന്ദ്രൻ, ഹരിഗൗരി നന്ദ എന്നിവരാണ് ഗൗരിയ്‌ക്കൊപ്പം കവർ പതിപ്പിൽ ഉളളത്. ഗണേഷ് വെങ്കിട്ടരമണി ആണ് ഗാനത്തിന്റെ നിർമാണം. ജോ ജോൺസൺ ആണ് പാട്ടിന്റെ മിക്‌സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്. 

ലക്ഷ്മികാന്ത് പ്യാരേലാൽ ഈണം നൽകി അൽക്ക യാഗ്നിക് ആലപിച്ച ഗാനമാണിത്. രാജ്യത്തെയൊന്നാകെ ചുവടുവപ്പിച്ച പാട്ടുകളിൽ ഒന്ന്. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പാട്ടിന് ഇപ്പോഴും ആരാധകരും ആസ്വാദകരും ഏറെയാണ്. 

ഗൗരി ലക്ഷ്മിയുടെ‌ പാട്ടിനു മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ഇതിനു മുൻപും ഗൗരി ലക്ഷ്മി ഒരുക്കിയ സംഗീത വിഡിയോകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ ടാറ്റു ചെയ്തതിനെ വിഡിയോ ഗാനമായി ചിത്രീകരിച്ച് എത്തിയ ‘ഇസ് രംഗ് ബദൽത്തി ദുനിയാ..’. എന്ന കവർ പതിപ്പ് നിരവധി ആസ്വാദകരെ സ്വന്തമാക്കിയിരുന്നു.