മെരിലാൻഡ് സ്റ്റുഡിയോയിൽ അന്ന് റെക്കോർഡിങ്ങിന് ഒരു മൈക്കേ കാണൂ. ഗായകർക്കും ഓർക്കസ്ട്രക്കുംകൂടി ഈ ഒരൊറ്റ മൈക്ക് വേണം ഉപയോഗിക്കാൻ. മലയാള ചലച്ചിത്ര ഗാനങ്ങളുടെ വികാസപരിണാമത്തിന്റെ സവിശേഷകാലഘട്ടത്തെക്കുറിച്ച് ഈ ഓർമ പങ്കുവച്ചത് സാക്ഷാൽ ശ്രീകുമാരൻ തമ്പിയാണ്. ഗാനരചനയിൽ തുടങ്ങി ചലച്ചിത്രമേഖലയിൽ വൈവിധ്യമാർന്ന വേഷങ്ങൾ അണിഞ്ഞ തമ്പി മലയാളത്തിലെ ചലച്ചിത്രഗാനങ്ങളുടെ വികാസപരിണാമത്തെക്കുറിച്ച് പുതിയ പുസ്തകം തയാറാക്കുകയാണ്. 1966 ജനുവരിയിൽ ചെന്നൈയിൽ പോയി ‘കാട്ടുമല്ലിക’യിൽ പാട്ടെഴുതി തിരിച്ചെത്തിയപ്പോഴേക്കും കോഴിക്കോട്ട് അദ്ദേഹം ചെയ്തിരുന്ന അസിസ്റ്റന്റ് ടൗൺ പ്ലാനറുടെ ജോലി നഷ്ടമാകുന്നതിലേക്കാണ് കാര്യങ്ങൾ നയിച്ചത്. അതേ മലയാള സിനിമാഗാനങ്ങളുടെ വികാസപരിണാമത്തെക്കുറിച്ചാണ് ശ്രീകുമാരൻ തമ്പി തന്റെ പുതിയ പുസ്തകം തയാറാക്കിക്കൊണ്ടിരിക്കുന്നതും. അതിൽ 1934 മുതൽ 2021 വരെയുള്ള കാലഘട്ടത്തിലെ മലയാള സിനിമാഗാനങ്ങളുടെ രചനയിലെ മാറ്റം, റെക്കോർഡിങ്ങിലെ മാറ്റം തുടങ്ങി എല്ലാ കാര്യങ്ങളും വിശദമായി പ്രതിപാദിക്കും. സൗണ്ട് റെക്കോർഡിങ്ങിലൊക്കെ വന്ന മാറ്റത്തിനു സാക്ഷ്യം വഹിച്ചവർ തമ്പിയെപ്പോലെ അധികം പേരില്ലെന്നോർക്കുമ്പോൾ ഈ പുസ്തകം ചരിത്രത്തിലെ നാഴികക്കല്ലാകുമെന്ന് പ്രതീക്ഷിക്കാം.

ആദ്യ സർക്കാർ ജോലി കിട്ടി ചമ്പലിലേക്ക് പോയ അവസരത്തിലാണ് പി.സുബ്രഹ്മണ്യത്തിന്റെ ‘മായാവി’ എന്ന സിനിമയിൽ ഗാനങ്ങളെഴുതാൻ ശ്രീകുമാരൻ തമ്പിക്ക് ക്ഷണം ലഭിക്കുന്നത്. എന്നാൽ സർക്കാർ ജോലി ഉപേക്ഷിച്ച് ജീവിതം നശിപ്പിക്കുമെന്ന് ഭയന്ന വീട്ടുകാർ സിനിമയിൽനിന്നുള്ള ക്ഷണം തമ്പിയെ അറിയിച്ചില്ല. തുടർന്നാണ് ആ സിനിമയിൽ പി. ഭാസ്കരൻ പാട്ടുകളെഴുതുന്നത്. തുടർന്ന് ചമ്പൽ വിട്ട് കോഴിക്കോട്ട് അസി. ടൗൺ പ്ലാനറായി ജോലിയിൽ പ്രവേശിച്ച തമ്പി ആദ്യം ചെയ്ത നല്ല കാാര്യങ്ങളിലൊന്ന് മേരിലാൻഡ് ഉടമയും സംവിധായകനുമായ സുബ്രഹ്മണ്യത്തിന് താൻ കോഴിക്കോട്ടുണ്ടെന്നും, എപ്പോൾ വിളിച്ചാലും പാട്ടെഴുതാൻ വരാൻ തയാറാണെന്നും കാണിച്ച് കത്തയച്ചതാണ്. സമയമാകുമ്പോൾ അറിയിക്കാമെന്ന് മറുപടി നൽകിയ സുബ്രഹ്മണ്യം 1966 ജനുവരിയിൽ ‘കാട്ടുമല്ലിക’യിലേക്ക് തമ്പിയെ ക്ഷണിച്ചു.

മദ്രാസിലെത്തി എം.എസ്.ബാബുരാജിനൊപ്പം ചേർന്ന് പാട്ടുകൾ ചിട്ടപ്പെടുത്തിയപ്പോഴേക്കും ഒരാഴ്ച കഴിഞ്ഞിരുന്നു. 10 പാട്ടുകളാണ് ആകെയുള്ളത്. അതിന്റെ റെക്കോർഡിങ് കൂടി കഴിയുമ്പോൾ മൂന്നാഴ്ചയെങ്കിലും കഴിയും. ഒരാഴ്ച മാത്രം ലീവെടുത്ത് പാട്ടെഴുതാൻ വന്ന ശ്രീകുമാരൻ തമ്പി രണ്ടാഴ്ചത്തേക്ക്് ലീവ് നീട്ടാൻ അപേക്ഷ അയച്ചു. പക്ഷെ പണിയെല്ലാം തീർത്ത് മദ്രാസിൽനിന്ന് കോഴിക്കോട്ട് തിരിച്ചെത്തിയപ്പോൾ 31 ദിവസം പൂർത്തിയായിരുന്നു. മേലുദ്യോഗസ്ഥനായ ടൗൺപ്ലാനർ ഗണപതി ഇതു ഗൗരവമയി കാണുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ നാട്ടിൽനിന്നൊരു മെഡിക്കൽ സർടിഫിക്കറ്റുമായാണ് തമ്പി കോഴിക്കോട്ടെത്തിയതും. എന്നാൽ ഇതംഗീകരിക്കാതെ സാലറി ബിൽ പാസാക്കാതെ 3 മാസം പിന്നിട്ടപ്പോൾ തമ്പി തന്റെ ജോലിക്കാര്യത്തിലൊരു തീരുമാനമെടുത്തു. ഇനി സിനിമയിൽ വർക്ക് ചെയ്യാൻ പാടില്ലെന്നും ‘കാട്ടുമല്ലിക’യിൽ പാട്ടെഴുതാൻ പോയതിന് മാപ്പു പറയണമെന്നും നിർദേശിച്ചപ്പോൾ താൻ ജോലി രാജിവയ്ക്കുന്നതായി നിമിഷനേരം കൊണ്ട് കടലാസിലെഴുതിക്കൊടുത്ത് കോഴിക്കോട്ടെ ഓഫിസ് വിട്ട് ശ്രീകുമാരൻ തമ്പി വിശാലമായ സിനിമാ സ്വാതന്ത്ര്യത്തിലേക്കിറങ്ങി. പിന്നെ സർക്കാർ സർവീസിലേക്ക് തിരിച്ചുപോയില്ല. അതു മലയാള സിനിമയുടെ നേട്ടമായി. മലയാളികൾ നെഞ്ചേറ്റിയ അസംഖ്യം ഗാനങ്ങളുടെ പിറവിക്ക് നാം കോഴിക്കോട് പുതിയറയിലെ ടൗൺ പ്ലാനിങ് ഓഫിസിനോടും, ടൗൺപ്ലാനർ ഗണപതിസാറിനോടും കടപ്പെട്ടിരിക്കുന്നു.

ഗണപതിസാറിനെ ശ്രീകുമാരൻ തമ്പി വീണ്ടും കാണുന്നത് 35 വർഷങ്ങൾക്കുശേഷം 2010ൽ തിരുവനന്തപുരത്താണ്. അപ്പോഴേക്കും തമ്പി പ്രശസ്തിയുടെ കൊടുമുടിയിലെത്തിയിരുന്നു. ഓൾ ഇന്ത്യാ ടൗൺ പ്ലാനേഴ്സ് സമ്മേളനം ആയിരുന്നു വേദി. 3 ദിവസത്തെ സമ്മേളനമാണ്. സമാപനദിവസം സമ്മേളനത്തിലേക്ക് ചീഫ് ടൗൺ പ്ലാനർ തമ്പിയെയും ക്ഷണിച്ചു. ‘കൾച്ചറൽ ഹെറിറ്റേജ് ഓഫ് കേരള’ എന്നൊരു പുസ്തകം തങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും അതു പ്രകാശനം ചെയ്യണമെന്നുമായിരുന്നു ആവശ്യം. ആ സമയത്ത് ഷൂട്ടിങ് നടക്കുന്നതായിരുന്നു. ലൊക്കേഷനിൽനിന്ന് ചടങ്ങിലെത്താമെന്നും വേഗം വിടണമെന്നുമായിരുന്നു തമ്പിയുടെ കരാർ. അതുപ്രകാരം പുസ്തകം പ്രകാശനം ചെയ്തു. ഇതുപോലൊരു ചരിത്രം താനും കോഴിക്കോടിനെക്കുറിച്ച് തയാറാക്കിയിരുന്നുവെന്നും അതു ഡിപ്പാർട്ട്്മെന്റിന്റെ കൈവശമുണ്ടോ എന്നറിയില്ലെന്നും മറ്റും തമ്പി വേദിയിൽ പറഞ്ഞു. ചടങ്ങ് കഴിഞ്ഞ് ധൃതിയിൽ പോകാൻ കാറിൽ കയറാൻ പോകുമ്പോൾ ഒരു വൃദ്ധൻ തമ്പിയുടെ പിന്നാലെ ഓടിവന്നു. 

എന്നെ മനസിലായോ, ഞാൻ ഗണപതി.

തമ്പി പറഞ്ഞു; ‘ഓർമയുണ്ടോയെന്നോ? സാർ താങ്കളല്ലേ എന്നെ ഈ നിലയിലെത്തിച്ചത്. അന്ന് ടൗൺ പ്ലാനിങ് ഓഫിസിലെ ജോലിയോട് പൊരുത്തപ്പെട്ടുപോയിരുന്നുവെങ്കിൽ ഞാൻ അവിടെ കുടുങ്ങിപ്പോയേനെ.’ 

പ്രൗഡ് ഓഫ് യു എന്ന് ഗണപതിസാർ മറുപടിയും പറഞ്ഞു.