സംഗീതസംവിധായകൻ രവീന്ദ്രൻ മാസ്റ്ററിനെക്കുറിച്ചുള്ള ഓർമ പങ്കുവച്ച് ബാലചന്ദ്രമേനോൻ. മാസ്റ്ററിന്റെ ഓർമദിനമായ ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഓർമക്കാലത്തെക്കുറിച്ച് ബാലചന്ദ്രമേനോൻ മനസ്സ് തുറന്നത്. രവീന്ദ്രൻ മാസ്റ്റർ മറഞ്ഞിട്ട് ഇന്നലെ പതിനാറ് വർഷങ്ങൾ പൂർത്തിയായി. അദ്ദേഹത്തിനൊപ്പമുള്ള പഴയകാല ചിത്രവും ബാലചന്ദ്രമേനോൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

മാർച്ച് 3- സംഗീത സംവിധായകൻ രവീന്ദ്രന്റെ ഓർമ്മ ദിനം! 'ഏഴുസ്വരങ്ങളിലൂടെ' രവീന്ദ്രസംഗീതത്തിന് അടിത്തറ പാകിയ രവീന്ദ്രൻ! നിങ്ങൾ എനിക്ക് ഒരിക്കലും രവീന്ദ്രൻ 'മാസ്റ്ററാ'യിരുന്നില്ല. രവിയോ രവീന്ദ്രനോ ആയിരുന്നു. ഞാൻ നിങ്ങൾക്ക് 'ബാലചന്ദ്രനും'. നിങ്ങളുടെ ഓരോ പാട്ടും ഇപ്പോൾ പാടുമ്പോഴും കേൾക്കുമ്പോഴും മനസ്സ് അറിയാതെ ചോദിച്ചു പോകുന്നു, "നിങ്ങൾ  എന്തിനാ.... എങ്ങോട്ടാ... രവി ഈ പോക്കു പോയത്? 

16 വർഷങ്ങൾ !! വിശ്വസിക്കാൻ വയ്യാ. നേരം തെറ്റിയ നേരങ്ങളിൽ എന്നെ തേടിവരാറുള്ള നിങ്ങളുടെ ശബ്‌ദം എന്റെ ചെവിയില്‍ മുഴങ്ങുന്നു. ‘ബാലചന്ദ്ര, ഉറങ്ങിയോ? നമുക്കെന്തെങ്കിലും ഒന്നു ചെയ്യണ്ടേ?’ സുഹൃത്തേ, ആ ചോദ്യത്തിന് ഉത്തരം കണ്ടത്താനായി  ഞാനിപ്പോഴും. ഇല്ല... ഒന്നും പറയുന്നില്ല’, ബാലചന്ദ്രമേനോൻ സമൂഹമാധ്യമത്തിൽ കുറിച്ചു.