തൊഴിലിടത്തിലും വീട്ടിലും സ്വന്തം കർത്തവ്യം ഭംഗിയായി നിറവേറ്റുന്ന അമ്മമാർക്ക് ആദരമായി ഒരു സംഗീത ആൽബം. ജോലിത്തിരക്കുകൾക്കിടയിൽ കുഞ്ഞിനെ തിരയുന്ന മാതൃഹൃദയമാണ് ഇതിവൃത്തം. പ്രമേയം കൊണ്ട് വ്യത്യസ്തമായ 'രാരീരം' എന്ന ഈ സംഗീത ആൽബത്തിന് സമൂഹമാധ്യമങ്ങളിലും വൻ സ്വീകാര്യതയാണു ലഭിക്കുന്നത്. 

കോവിഡ് കാലത്ത് കയ്യിൽ ഒരു ലാപ്ടോപ്പും മറു കയ്യിൽ കുഞ്ഞുമായി കർത്തവ്യങ്ങൾ നിറവേറ്റാൻ പെടാപ്പാടുപെട്ട ഓരോ അമ്മ മനസ്സിന്റെയും താരാട്ടാണ് 'രാരീരം '. ആധുനിക അമ്മയുടെ മാതൃഹൃദയമാണ് രാരീരം ആസ്വാദകരെ അനുഭവിപ്പിക്കുന്നത്. സുനീഷ് വിൻസെന്റ് ‌ആണ് സംഗീത ആൽബത്തിനു പിന്നിൽ. വർക്ക് ഫ്രം ഹോം ദിവസങ്ങളിൽ തന്റെ ഭാര്യ നേരിട്ട വെല്ലുവിളികളുടെ ചുവടുപിടിച്ചാണ് ഇത്തരം ഒരു ആൽബം സുനീഷ് ഒരുക്കിയത്. ഒരുപറ്റം സുഹൃത്തുക്കളുടെ കൂട്ടായ്മയുടെ വിജയമാണ് ഈ സംഗീത ആൽബം. 

സുനീഷ് വിൻസന്റും സുഹൃത്ത് ഡെൽവിൻ ആന്റണിയും ചേർന്നാണ് ആൽബത്തിന്റെ നിർമാണം. ഇരുവരും ചേർന്നാണ് സംഗീതസംവിധാനം നിർവഹിച്ചത്. സുനീഷിന്റെ ഭാര്യ നിഖിലയാണ് രാരീരത്തിൽ അഭിനയിച്ചിരിക്കുന്നത്. സൂരജ് ജോസും റസൂൽ ഷരീഫാ മുഹമ്മദും ചേർന്ന് ഗാനരംഗങ്ങൾ സംവിധാനം ചെയ്തു. ഇതിനോടകം ശ്രദ്ധേയമായ പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.