ഫാഷന്റെ ഭാഗമായി സ്ത്രീകൾ കീറിയ ജീൻസ് ധരിക്കുന്നതിനെ വിമർശിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്തിനു വ്യത്യസ്തമായ മറുപടിയുമായി ഗായിക സോന മോഹപത്ര. കീറിയ ജീൻസ് ധരിച്ചതിന്റെ വിവിധ തരത്തിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മറ്റു താരങ്ങൾ പ്രതികരിച്ചപ്പോൾ ഒരു പടി കൂടി കടന്നായിരുന്നു സോനയുടെ പ്രതികരണം. കീറിയ ടീ ഷർട്ട് ധരിച്ചു നിൽക്കുന്നതിന്റെ ചിത്രമാണ് സോന മോഹപത്ര പങ്കുവച്ചത്. 

ചൂട് കാലമായതിനാൽ തനിക്ക് ജീൻസ് ധരിക്കുമ്പോൾ അസ്വസ്തതയാണെന്നും അതിനാൽ കീറിയ ടീ ഷർട്ട് ധരിച്ച് പ്രതിഷേധം അറിയിക്കുകയാണെന്നും കുറിച്ചുകൊണ്ടാണ് സോന ചിത്രങ്ങൾ പങ്കുവച്ചത്. ഫാഷന്റെ ഭാഗമായി മുൻകഴുത്തിന്റെ ഭാഗം കീറിയ സ്ലീവ്‌ലെസ് ടീ ഷർട്ടും മിനി സ്കർട്ടും ആണ് ഗായിക ധരിച്ചത്. ഇന്ത്യയിൽ ഇത്തരം വസ്ത്രങ്ങൾ ധരിക്കാൻ ആർക്കും ആരുടെയും അനുവാദം ആവശ്യമില്ലെന്നും സോന കുറിച്ചു.  

കഴിഞ്ഞ ചൊവ്വാഴ്ച ഒരു ചടങ്ങില്‍ സംബന്ധിക്കവെയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് വിവാദ പരാമർശം നടത്തിയത്. ഇന്നത്തെ യുവജനങ്ങൾക്കു മൂല്യങ്ങൾ നഷ്ടപ്പെട്ടെന്നും വിചിത്രമായ ഫാഷൻ ട്രെൻഡുകളാണ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുട്ടു വരെ കീറിയ ജീൻസ് ഇടുമ്പോൾ വലിയ ആളുകളായാണ് കണക്കാക്കുന്നതെന്നും സ്ത്രീകളും ഇത്തരം ട്രെൻഡുകൾ പിന്തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം സ്ത്രീകൾ അവരുടെ കുട്ടികൾക്ക് എന്ത് മൂല്യമാണ് പകർന്നു നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു. വിമാനത്തിൽ തന്റെ അടുത്തുള്ള സീറ്റിലിരുന്ന സ്ത്രീയുടെ വസ്ത്രധാരണത്തെക്കുറിച്ചും റാവത്ത് വിവരിച്ചു. 

പരാമർശം വിവാദമായതോടെ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളുമുള്‍പ്പെടെ നിരവധി പേർ റാവത്തിനെതിരായി രംഗത്തെത്തി. #RippedJeans എന്ന ഹാഷ്ടാഗോടെ കീറിയ ജീൻസ് ധരിച്ച പെണ്‍കുട്ടികളുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ നിറഞ്ഞു. എംപി പ്രിയങ്ക ചതുർവേദി, നടിമാരായ ഭൂമിക, ഗുൽ പനാഗ് തുടങ്ങിയവരും ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് പ്രതിഷേധമറിയിച്ചു. സംഭവം വിവാദമായതോടെ തീരഥ് സിങ് റാവത്ത് ഖേദപ്രകടനം നടത്തി. അതേസമയം നിങ്ങൾക്ക് കീറിയ ജീൻസ് ധരിക്കണമെങ്കിൽ തന്നെ മാതൃകയാക്കാൻ ആവശ്യപ്പെട്ട് തീരഥിനെ അനുകൂലിച്ച് കങ്കണ റണൗട്ട് രംഗത്തെത്തിയതു ചർച്ചയായിരുന്നു.