സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയുടെ വയലിൻ സംഗീതത്തിൽ മതിമറന്ന് നടി അഹാന കൃഷ്ണ. സുഹൃത്തിനൊപ്പം ഇരുന്ന്  ഗോവിന്ദ് വസന്തയുടെ സംഗീതം ആസ്വദിക്കുന്ന വിഡിയോ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. അഹാനയുടെ ആദ്യ ചിത്രമായ ‘ഞാൻ സ്റ്റീവ് ലോപ്പസി’ൽ ഗോവിന്ദ് വസന്ത ആണ് പശ്ചാത്തലസംഗീതമൊരുക്കിയത്. ചിത്രത്തിലെ സംഗീതശകലങ്ങളാണ് ഗോവിന്ദ് വയലിനിൽ വായിച്ചത്. ‘സ്റ്റീവ് ലോപ്പസിന്റെ ആത്മാവ്’ എന്ന അടിക്കുറിപ്പോടെയാണ് ഗോവിന്ദിന്റെ വയലിൻ ഈണം അഹാന പോസ്റ്റ് ചെയ്തത്. വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. രണ്ടാഴ്ച മുൻപ് ചെന്നൈയിൽ എത്തിയപ്പോൾ അഹാനയും ഗോവിന്ദ് വസന്തയും കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നത്തെ ഒത്തുകൂടലിനിടെ പകർത്തിയ വിഡിയോ ആണിത്. 

‘എനിക്ക് എപ്പോഴും അഭിമാനിക്കാവുന്ന പല കാര്യങ്ങളിലൊന്നാണ് എന്റെ ആദ്യ ചിത്രമായ ‘ഞാൻ സ്റ്റീവ് ലോപ്പ്‌സ്’. ഗോവിന്ദ് വസന്ത ഒരുക്കിയ മനോഹരമായ ഈ ട്രാക്ക് ആത്മാവിൽ തൊടുന്നു. സൗണ്ട് ക്ലൗഡിൽ കേട്ട ഈ ഗാനം പിന്നീട് പതിവായി കേൾക്കാൻ തുടങ്ങി. ഈ ട്രാക്ക് എന്നെ ചിലപ്പോൾ ദു:ഖിപ്പിക്കുന്നു, ഇടയ്ക്കു സന്തോഷിപ്പിക്കുന്നു, മറ്റു ചിലപ്പോൾ പ്രത്യാശ നൽകുന്നു. രണ്ടാഴ്ച മുൻപ് ഞാൻ അദ്ദേഹത്തെ ചെന്നൈയിൽ വച്ചു കണ്ടു. സ്റ്റീവ് ലോപ്പസിലെ ആ ഈണം അവതരിപ്പിക്കാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടതേയില്ല. എന്നിട്ടും അദ്ദേഹം അതു ചെയ്തു. ആ സംഗീത ആസ്വാദനത്തിൽ മുഴുകിയതിനാൽ അവസാനം കയ്യടിക്കാൻ പോലും ഞാൻ മറന്നു പോയി. എന്നെ സംബന്ധിച്ച് ഈ ഗാനം വളരെയേറെ സവിശേഷതകൾ നിറഞ്ഞ ഒന്നാണ്. എപ്പോഴും ഗോവിന്ദ് വസന്ത ഒരു മാജിക് ആണ്. നിങ്ങളുടെ മാജിക് പെർഫോമൻസ് കാണാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയും സന്തോഷവതിയുമാണ്’., അഹാന കൃഷ്ണ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

അഹാന പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. ഗോവിന്ദ് വസന്തയുടെ ഈണം ഹൃദയം തൊടുന്നു എന്നാണ് ആസ്വാദകപക്ഷം. ‘തൈക്കുടം ബ്രിഡ്ജ്’ എന്ന സംഗീത ബാൻഡിലൂടെ ഉയർന്ന ഗോവിന്ദ് വസന്ത ഇപ്പോൾ ഏറെ തിരക്കുള്ള സംഗീതസംവിധായകൻ ആണ്. 2018ൽ പുറത്തിറങ്ങിയ ‘96’ എന്ന തമിഴ് ചിത്രത്തിലെ 'കാതലേ കാതലേ’ എന്ന ഗാനം ഗോവിന്ദ് വസന്തയുടെ സംഗീത ജീവിതത്തിൽ വഴിത്തിരിവായിരുന്നു.