അന്തരിച്ച നന്ദു മഹാദേവ ഇക്കഴിഞ്ഞ വിഷു നാളിൽ പങ്കുവച്ച പാട്ട് വിഡിയോ സമൂഹമാധ്യമങ്ങിൽ വീണ്ടും പ്രചരിക്കുന്നു. അമ്മയ്ക്കൊപ്പമിരുന്ന് കൃഷ്ണരൂപം കയ്യിൽ പിടിച്ചായിരുന്നു നന്ദുവിന്റെ പാട്ട്. ‘കണി കാണും നേരം, കമല നേത്രന്റെ’ എന്നു പാടിയ നന്ദുവിന്റെ വിഡിയോ ഇപ്പോൾ സ്നേഹിതരെ വീണ്ടും വേദനിപ്പിക്കുകയാണ്. നന്ദു മഹാദേവ അവസാനമായി പങ്കുവച്ച വിഡിയോ ആണിത്. എല്ലാവർക്കും ഹൃദ്യമായ വിഷു ആശംസകൾ നേർന്നു കൊണ്ട് നന്ദു പോസ്റ്റ് ചെയ്ത വിഡിയോ പത്ത് ലക്ഷത്തിലധികം പേരാണു കണ്ടത്. 

നന്ദുവിന്റെ അപ്രതീക്ഷിത വേർപാടിനു ശേഷം നിരവധി പേരാണ് ഈ വിഡിയോയ്ക്കു താഴെ കമന്റുകളുമായി എത്തിയത്. ‘ഇനി ഈ ചിരി കാണാനാകില്ലല്ലോ’ എന്ന് സ്നേഹിതർ കുറിക്കുന്നു. നന്ദു അവസാനമായി പങ്കുവച്ച വിഡിയോ പ്രിയപ്പെട്ടവർക്കു കണ്ണീരോർമയാവുകയാണിപ്പോൾ. ഇതിനു മുൻപും പാട്ടു പാടുന്നതിന്റെ വിഡിയോ നന്ദു പോസ്റ്റ് ചെയ്തിട്ടുണ്ട്. നന്ദുവിന്റെ പാട്ടിന് ആരാധകരും ഏറെ. ഓരോ വിശേഷദിവസവും ആശംസയും സ്നേഹവും അറിയിച്ച് പതിവായി സമൂഹമാധ്യമങ്ങളിൽ എത്തുന്ന നന്ദു ഇനി ഇല്ല എന്ന സത്യം തിരിച്ചറിയാൻ പ്രിയപ്പെട്ടവർക്കാകുന്നില്ല.