‘പെര്‍ഫക്ട് ഓകെ’ ചലഞ്ചുമായി നടൻ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും. സമൂഹമാധ്യമങ്ങളിൽ വൈറൽ ആയ ‘പെര്‍ഫക്ട് ഓകെ’ എന്ന വിഡിയോക്കൊപ്പം ചുവടുവച്ചാണ് അച്ഛനും മകളും എത്തിയത്. ദിയ കൃഷ്ണയാണ് ഈ രസകരമായ വിഡിയോ പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനകം വൈറലായ വിഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

അച്ഛൻ–മകൾ കോംബോ സൂപ്പർ ആണെന്നാണ് ലഭിക്കുന്ന കമന്റുകൾ. ഇരുവരുടെയും ലുക്കും പ്രേക്ഷകർക്കിടയിൽ ചർച്ചയായി. മുണ്ടും ഷർട്ടും ധരിച്ചാണ് ദിയയും കൃഷ്ണകുമാറും വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. മുണ്ട് മടക്കിക്കുത്തിയാണ് പ്രകടനം. ഇതിനു മുൻപ് ഡബ്സ്മാഷുമായി കൃഷ്ണകുമാറും ദിയയും സമൂഹമാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്. 

കോവിഡ് വ്യാപനത്തിന്റെ തുടക്കകാലത്ത് കോഴിക്കോടുകാരൻ നൈസൽ ആണ് ‘പെര്‍ഫക്ട് ഓകെ’ വിഡിയോ പങ്കുവച്ചത്. ‘പെര്‍ഫക്ട് ഓകെ അറ്റിറ്റസ് അറ്റ് ടു അറ്റ് റ്റാന്‍ ആന്‍ഡ് ദ് കോണ്‍ ആന്‍ഡ് ദ പാക്ക്’ നൈസലിന്റെ സ്റ്റൈലിൽ സൃഷ്ടിച്ചെടുത്ത ഇംഗ്ലിഷ് ഡയലോഗ് സമൂഹമാധ്യമങ്ങളിൽ വലിയ ഹിറ്റാണ്. കോഴിക്കോട് സ്വദേശി തന്നെയായ അശ്വിന്‍ ഭാസ്‌ക്കറാണ് നൈസലിന്റെ വിഡിയോയ്ക്ക് ഡിജെ മിക്‌സിങ് ചേര്‍ത്ത് പുതിയ രൂപം നല്‍കിയത്.