ലക്ഷദ്വീപിനു നഷ്ടമായ അവകാശങ്ങൾ തിരികെ ചോദിച്ച് തകഴിയുടെ പുതിയ റാപ്പർ 'തീരം താ'. നിയമ വിദ്യാർഥിയായ തകഴി തന്നെയാണ് പാട്ടെഴുതിയിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും അഭിനയിച്ചിരിക്കുന്നതും. തനിക്ക് ലക്ഷദ്വീപിൽ ഒരുപാട് സുഹൃത്തുക്കളുണ്ടെന്നും അവരിൽ നിന്ന് നേരിട്ടറിഞ്ഞ കാര്യങ്ങളാണ് ഗാനത്തിൽ വരികളായി ചേർത്തിരിക്കുന്നതെന്നും തകഴി പറയുന്നു. തകഴി എന്ന പേരിൽ അറിയപ്പെടാനാണ് ആഗ്രഹം. സ്വന്തം പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം മനോരമ ഒാൺലൈനോടു വെളിപ്പെടുത്തി. 

യൂട്യൂബിലുടെയാണ് തീരം താ റിലീസ് ചെയ്തത്. ഗാനത്തിന്റെ വരികളാണ് എല്ലാവരേയും ആകർഷിച്ചത്. സേവ് ഒറിജിനൽസിന്റെ ബാനറിലൂടെയാണ് റാപ് റിലീസ് ചെയ്തിരിക്കുന്നത്. ലോക്ഡൗൺ ആയതിനാൽ ഒരു സുഹൃത്തിന്റെ വീട്ടിലെ സ്റ്റുഡിയോയിലാണ് ഗാനം റെക്കോഡ് ചെയ്തത്. പിന്നീട് സുഹൃത്തിന്റെ വീടിന്റെ ടെറസിലും വീടിന്റെ മുറ്റത്തുള്ള കണ്ടത്തിലുമായി ഗാനം ചിത്രീകരിക്കുകയായിരുന്നു എന്ന് തകഴി പറയുന്നു.  

സാമൂഹിക അസമത്വങ്ങളെ ചോദ്യം ചെയ്യുന്ന മ്യൂസിക് വിഡിയോകൾ ഇതിനുമുമ്പും തകഴി ചെയ്തിട്ടുണ്ട്. ജോർജ് ഫ്ലോയിഡ് മരണപ്പെട്ടപ്പോൾ ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് ചെയ്ത ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐഎസ്എല്ലിൽ കേരളത്തിന്റെ ഫാൻസിനായി ചെയ്ത മഞ്ഞപ്പടയും ശ്രദ്ധിക്കപ്പെട്ട ആൽബം ആണ്. ഇംഗ്ലീഷ് ബീറ്റ് പ്രൊഡ്യൂസർ ആയ ഫിഫ്റ്റ് വിങ്ക് ആണ് ആല്‍ബം നിർമിച്ചിരിക്കുന്നത്.