വിനോദ് ഗുരുവായൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മിഷൻ സി’ എന്ന ആക്‌ഷൻ ത്രില്ലറിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘നെഞ്ചിലേഴു നിറമായ്’ എന്നു തുടങ്ങുന്ന പാട്ട് മനോരമ മ്യൂസിക് ആണ് പ്രേക്ഷകർക്കരികിലെത്തിച്ചത്. പാർഥസാരഥി സംഗീതം നൽകിയ ഗാനം വിജയ് യേശുദാസ് ആലപിച്ചിരിക്കുന്നു. സുനിൽ ജി. ചെറുകടവാണ് വരികൾ കുറിച്ചത്. 

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പാട്ട് മികച്ച പ്രേക്ഷകസ്വീകാര്യതയോടെ ട്രെന്‍ഡിങ്ങിൽ ഇടം പിടിച്ചു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. വിജയ് യേശുദാസിന്റെ സ്വരഭംഗി ആദ്യ കേൾവിയിൽത്തന്നെ മനസ്സിൽ പതിയുന്നു എന്നാണ് ആസ്വാദകപക്ഷം. അശ്വിൻ ജോൺസൺ ആണ് പാട്ടിന്റെ മിക്സിങ് നിർവഹിച്ചത്. 

അപ്പാനി ശരത്, കൈലാഷ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘മിഷൻ സി’. മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. മീനാക്ഷി ദിനേശ് ആണ് നായിക. പൊറിഞ്ചു മറിയം ജോസിൽ നൈല ഉഷയുടെ െചറുപ്പകാലം അവതരിപ്പിച്ച് ശ്രദ്ധനേടിയ മീനാക്ഷി ആദ്യമായി നായികയാകുന്ന ചിത്രം കൂടിയാണിത്. മുല്ലാ ഷാജിയാണ് ചിത്രത്തിന്റെ നിർമാണം.