കോവിഡ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഗായിക ശ്രേയ ഘോഷാൽ. സമൂഹമാധ്യമങ്ങളിൽ ഗായിക പങ്കുവച്ച ചിത്രങ്ങളും വിഡിയോയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. വിഡിയോയ്ക്കൊപ്പം ശ്രേയ ഘോഷാൽ കുറിച്ച വാക്കുകളും ശ്രദ്ധേയമായിരിക്കുകയാണ്. മകൻ ദേവ്യാൻ ഉറങ്ങുകയാണെന്നും. ആ സമയത്താണ് താൻ വാക്സീൻ എടുക്കാൻ ക്ലിനിക്കിൽ പോയതെന്നും ഗായിക പറഞ്ഞു. 

‘ദേവ്യാൻ വീട്ടിൽ ശാന്തമായി കിടന്നുറങ്ങുകയാണ്. ആ സമയത്താണ് ഞാൻ ധൃതിപ്പെട്ട് വീട്ടിൽ നിന്നിറങ്ങി വാക്സീൻ സ്വീകരിക്കാൻ പോയത്. അടുത്തിടെ അമ്മമാരായ എല്ലാ സ്ത്രീകളും വാക്സീൻ എടുക്കുന്നത് പൂർണ സുരക്ഷിതമാണ്. ഇക്കാര്യം ഡോക്ടര്‍മാർ തന്നെ ഉറപ്പു തരുന്നു. മറ്റെല്ലാവരെയും പോലെ അടുത്തിടെ കുഞ്ഞുങ്ങള്‍ക്കു ജന്മം നൽകിയവരും എത്രയും വേഗം വാക്സീൻ എടുക്കണമെന്ന് ഓർമിപ്പിക്കുകയാണ്’, ശ്രേയ ഘോഷാൽ കുറിച്ചു. 

കഴിഞ്ഞ മാസം 22നാണ് ശ്രേയ ഘോഷാൽ ആൺകുഞ്ഞിനു ജന്മം നൽകിയത്. ആദ്യ കൺമണിയെ വരവേറ്റതിന്റെ സന്തോഷം ശ്രേയയും ഭർത്താവ് ശൈലാദിത്യ മുഖോപാധ്യായും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഈ മാസം ആദ്യവാരമാണ് ഇരുവരും മകന്റെ പേര് വെളിപ്പെടുത്തിയത്. ആദ്യ കൺമണിയെ വീട്ടിലേക്കു വരവേൽക്കാനായി ശ്രേയ ഘോഷാല്‍ ഒരുക്കിയ കേക്കിനെക്കുറിച്ചുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ 2015–ലാണ് ശ്രേയയും ശൈലാദിത്യയും വിവാഹിതരായത്.