‘ഹെലൻ’ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെ ശ്രദ്ധേയനായ നോബിൾ തോമസ് സംവിധാനം ചെയ്ത ‘മേയ്ഡ് ഇൻ ഹെവൻ’ എന്ന സംഗീത ആൽബം ആസ്വാദരകരെ നേടുന്നു. ഷാൻ റഹ്മാൻ ആണ് പാട്ടിനു സംഗീതം പകർന്നിരിക്കുന്നത്. പ്രണയവും ഹാസ്യവുമെല്ലാം ഇഴചേർത്താണ് ആൽബം ഒരുക്കിയത്. പാട്ടിന്റ ടീസർ പുറത്തിറങ്ങിയതു മുതൽ മുഴുവന്‍ പാട്ടിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകർ. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ‘മേയ്ഡ് ഇൻ ഹെവൻ’ മികച്ച പ്രതികരണങ്ങളോടെ ട്രെൻഡിങ്ങിൽ മൂന്നാമതെത്തി. 

ബെന്നി ദയാൽ ആണ് ഗാനം ആലപിച്ചത്. യുവപാട്ടെഴുത്തുകാരിൽ ശ്രദ്ധേയനായ വിനായക് ശശികുമാർ വരികൾ കുറിച്ചു. ബാലു തങ്കച്ചൻ ആണ് പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്. മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചൊരുക്കിയ ‘മേയ്ഡ് ഇൻ ഹെവനി’ൽ നോബിൾ തോമസ് തന്നെയാണ് നായകവേഷം കൈകാര്യം ചെയ്തിരിക്കുന്നത്. അന്‍ഷ മോഹന്‍, ആശ മഠത്തില്‍, സതീഷ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സുനില്‍ കാര്‍ത്തികേയനാണ് പാട്ടിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തത്. നിധിന്‍ രാജ് ആരോമല്‍ എഡിറ്റിങ് നിർവഹിച്ചു. 

ചെറിയൊരു സസ്പെൻസുകൂടി സമ്മാനിച്ചാണ് ‘മേയ്ഡ് ഇൻ ഹെവൻ’ പ്രേക്ഷകർക്കരികിൽ എത്തിയത്. തുടക്കം മുതൽ അവസാനം വരെ ഒരു സിനിമ കണ്ടിരിക്കുന്ന ഫീലാണ് ഈ പാട്ട് നൽകുന്നതെന്നാണ് പ്രേക്ഷകപക്ഷം. നിരവധി പേർ പാട്ട് പങ്കുവച്ചിട്ടുമുണ്ട്. പാട്ടിലെ നായകനും സംവിധായകനുമായി ഒരുപോലെ തിളങ്ങിയ നോബിൾ തോമസിനെക്കുറിച്ചാണ് ആസ്വാദകർക്കിടയിലെ ചർച്ച. ഷാൻ റഹ്മാനും ബെന്നി ദയാലും മികച്ച കോംബിനേഷനാണെന്നും വിനായക് ശശികുമാറിന്റെ എഴുത്തഴക് അതി സുന്ദരമാണെന്നും പ്രേക്ഷകർ കുറിച്ചു.