മകൻ റയാൻ സംഗീതജീവിതത്തിലേയ്ക്കു ചുവടുവച്ചതിന്റെ സന്തോഷം പങ്കുവച്ച് സംഗീതസംവിധായകൻ ഷാൻ റഹ്മാൻ. പിയാനോ വായിക്കുന്ന മകന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഷാൻ റഹ്മാൻ ശുഭവാർത്ത ആരാധകരെ അറിയിച്ചത്. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണിതെന്നും അതേക്കുറിച്ചു പറയാൻ വാക്കുകൾ കിട്ടുന്നില്ലെന്നും ചിത്രത്തിനൊപ്പം ഷാൻ കുറിച്ചു. 

‌സംഗീതത്തിന്റെ മാന്ത്രിക ലോകത്തേയ്ക്ക് മകൻ ചുവടുവച്ചിരിക്കുകയാണെന്നും അവന്റെ സംഗീതയാത്ര ഇവിടെ തുടങ്ങുകയാണെന്നും പറഞ്ഞ ഷാൻ, മകനെ ദൈവം അനുഗ്രഹിക്കട്ടെ എന്നും കുറിച്ച് പ്രാർഥനാശംസകളും നേർന്നു. പ്രമുഖരുൾപ്പെടെയുള്ളവർ ഷാൻ റഹ്മാന്റെ പോസ്റ്റിനു താഴെ പ്രതികരണങ്ങളുമായെത്തി. ഷാനിനെപ്പോലെ മറ്റൊരു മികച്ച സംഗീതജ്ഞനായി റയാൻ വളരട്ടെയെന്നു കുറിച്ച് നിരവധി പേർ‌ ആശംസകൾ നേർന്നു.

മകനൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും ഷാൻ റഹ്മാൻ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. അധ്യയന വർഷം ആരംഭിച്ചപ്പോൾ ഓൺലൈന്‍ ക്ലാസിൽ പങ്കെടുക്കുന്ന മകനൊപ്പമുള്ള സെല്‍ഫി ഷാൻ റഹ്മാൻ പങ്കുവച്ചിരുന്നു. ഇരുവരുടെയും ക്യൂട്ട് ചിത്രം ആരാധകർക്കിടയിൽ ചർച്ചയാവുകയും ചെയ്തു.