പ്രിയഗാനങ്ങളുടെ സുവർണനിമിഷങ്ങളിലേക്ക് ഒരു തിരനോട്ടം നടത്തുകയാണ് ഗായകൻ രവിശങ്കറിന്റെ 'യു ടേൺ ടു മെലഡീസ്' എന്ന പ്രതിദിന സംഗീതപരിപാടി. കേട്ടു മറന്ന ഗാനങ്ങളുടെ പല്ലവിയോ അനുപല്ലവിയോ ആലപിക്കുന്നതിനൊപ്പം ആ പാട്ടിനെക്കുറിച്ചുള്ള നുറുങ്ങുവിശേഷങ്ങളും ഇതിലൂടെ രവിശങ്കർ പങ്കുവയ്ക്കുന്നു. രവിശങ്കറിന്റെ ഈ പ്രതിദിന സംഗീതപരിപാടിക്ക് സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ട്. 

ഒരു മിനിറ്റു കൊണ്ട് ഒരു നല്ല പാട്ട് ഓർക്കുക എന്നത് മാത്രമാണ് ഈ പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് രവിശങ്കർ പറയുന്നു. "കേട്ടു പതിഞ്ഞ ഗാനങ്ങൾ ഏറെ ഉണ്ടെങ്കിലും കേട്ടു മറന്ന നല്ല ഗാനങ്ങളാണ് കൂടുതൽ ഈ പരിപാടിയിൽ ഉൾപ്പെടുത്തുന്നത്. ആ ഗാനവുമായി ബന്ധപ്പെട്ട പ്രത്യേകതകളോ വിശേഷങ്ങളോ പാട്ടിനൊപ്പം പറഞ്ഞു പോകും. യു ടേൺ ടു മെലഡീസിൽ ഓർമ്മിപ്പിക്കപ്പെടുന്ന ഗാനങ്ങളുടെ ഒറിജിനൽ പതിപ്പ് കേൾക്കാനാണ് പ്രധാനമായും പരിപാടിയിലൂടെ പറയാറുള്ളത്. അതിലേക്കുള്ള ക്ഷണമാണ് എന്റെ പാട്ടും പറച്ചിലും," രവി ശങ്കർ പറയുന്നു. ഇത് ആ ഗാനത്തിനോടും അതിന്റെ ശിൽപികളോടുമുള്ള സ്നേഹാദരവു കൊണ്ടാണെന്നും രവിശങ്കർ കൂട്ടിച്ചേർത്തു. 

വീടിന്റെ സ്വീകരണമുറിയിലിരുന്ന് ഏറെ പ്രിയപ്പെട്ട ഒരു സ്നേഹിതൻ പാടുന്ന ഫീലാണ് രവി ശങ്കറിന്റെ സംഗീതപരിപാടിക്കെന്ന് ആരാധകരും സമ്മതിക്കും. ഒരു പാട്ട് വെറുതെ കേട്ടുപോകുന്നതിനു പകരം ആ പാട്ടിന്റെ ശിൽപികളെ അടുത്തറിയാൻ പ്രേരിപ്പിക്കുന്ന ആസ്വാദന സംസ്കാരം വളർത്തിയെടുക്കാൻ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് രവിശങ്കർ. ആസ്വാദകർ ഇപ്പോൾ കമന്റിലൂടെ അവർക്ക് താൽപര്യമുള്ള ഗാനങ്ങൾ ചോദിച്ചു തുടങ്ങി. അവർക്ക് ഈ ഒരു മിനിറ്റു പരിപാടി ഇഷ്ടപ്പെട്ടു തുടങ്ങിയെന്നതിന്റെ സൂചനയായി ഈ പ്രതികരണത്തെ കാണുന്നുവെന്ന് രവിശങ്കർ പറഞ്ഞു. ഇതേ പേരിൽ ഓൺലൈൻ ലൈവ് പരിപാടികൾക്കും വിദേശ സംഗീതാസ്വാദകർ ഗായകനെ ക്ഷണിക്കുന്നുണ്ട്.

എന്നു വരെ ഈ പരിപാടി തുടരുമെന്നു ചോദിച്ചാൽ 'സാധിക്കുവോളം' എന്നാണ് ഗായകന്റെ മറുപടി. എന്തായാലും എല്ലാ ദിവസവും ഇന്നേതു പാട്ടുമായിട്ടായിരിക്കും പ്രിയഗായകനെത്തുക എന്ന ആകാംക്ഷയോടെ കാത്തിരിക്കുന്നവരെ ഒരിക്കലും നിരാശരാക്കില്ലെന്ന് രവിശങ്കറിന്റെ ഉറപ്പ്.