പി.ടി. അബ്ദുറഹ്മാൻ രചിച്ച ‘ഓത്തുപള്ളീലന്നു നമ്മൾ പോയിരുന്ന കാലം’ എന്ന അന്യാദൃശമായ പഴമ്പാട്ടിനെ തേൻതുള്ളിയൂറുന്ന സംഗീതവുമായി കെ. രാഘവൻ മാസ്റ്റർ സിനിമയിൽ പുനരാവിഷ്കരിച്ചപ്പോൾ അതുപാടാൻ അവസരമുണ്ടായത് വി.ടി. മുരളി എന്ന വടകരക്കാരനാണ്. അന്നുതൊട്ടിന്നോളം എവിടെപ്പോയാലും ആ പാട്ടു മൂളാതെ മടങ്ങാൻ മുരളിക്കു

പി.ടി. അബ്ദുറഹ്മാൻ രചിച്ച ‘ഓത്തുപള്ളീലന്നു നമ്മൾ പോയിരുന്ന കാലം’ എന്ന അന്യാദൃശമായ പഴമ്പാട്ടിനെ തേൻതുള്ളിയൂറുന്ന സംഗീതവുമായി കെ. രാഘവൻ മാസ്റ്റർ സിനിമയിൽ പുനരാവിഷ്കരിച്ചപ്പോൾ അതുപാടാൻ അവസരമുണ്ടായത് വി.ടി. മുരളി എന്ന വടകരക്കാരനാണ്. അന്നുതൊട്ടിന്നോളം എവിടെപ്പോയാലും ആ പാട്ടു മൂളാതെ മടങ്ങാൻ മുരളിക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പി.ടി. അബ്ദുറഹ്മാൻ രചിച്ച ‘ഓത്തുപള്ളീലന്നു നമ്മൾ പോയിരുന്ന കാലം’ എന്ന അന്യാദൃശമായ പഴമ്പാട്ടിനെ തേൻതുള്ളിയൂറുന്ന സംഗീതവുമായി കെ. രാഘവൻ മാസ്റ്റർ സിനിമയിൽ പുനരാവിഷ്കരിച്ചപ്പോൾ അതുപാടാൻ അവസരമുണ്ടായത് വി.ടി. മുരളി എന്ന വടകരക്കാരനാണ്. അന്നുതൊട്ടിന്നോളം എവിടെപ്പോയാലും ആ പാട്ടു മൂളാതെ മടങ്ങാൻ മുരളിക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പി.ടി. അബ്ദുറഹ്മാൻ രചിച്ച ‘ഓത്തുപള്ളീലന്നു നമ്മൾ പോയിരുന്ന കാലം’ എന്ന അന്യാദൃശമായ പഴമ്പാട്ടിനെ തേൻതുള്ളിയൂറുന്ന സംഗീതവുമായി കെ. രാഘവൻ മാസ്റ്റർ സിനിമയിൽ പുനരാവിഷ്കരിച്ചപ്പോൾ അതുപാടാൻ അവസരമുണ്ടായത് വി.ടി. മുരളി എന്ന വടകരക്കാരനാണ്. അന്നുതൊട്ടിന്നോളം എവിടെപ്പോയാലും ആ പാട്ടു മൂളാതെ മടങ്ങാൻ മുരളിക്കു കഴിയാറില്ല. രാഘവൻ മാസ്റ്റർ മരിച്ച ദിവസം തലശ്ശേരി കടപ്പുറത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരച്ചടങ്ങുകൾ നടക്കുന്നു. മലയാളത്തനിമയുള്ള ഗാനങ്ങളെ മലയാളത്തിനു കാട്ടിക്കൊട്ടുത്ത ആ മഹാനുഭാവന്റെ ചിത എരിയുമ്പോൾ തൊട്ടടുത്ത് കൂടിയ അനുശോചന സമ്മേളത്തിൽ സിനിമാ നടൻ മാമുക്കോയ പറഞ്ഞു: മാഷ്ക്ക് ഏറ്റവും പ്രിയമുള്ള മുരളി ഇവിടെയുണ്ട്. മാഷ് ആ പാട്ടു കേട്ടിട്ടുവേണം യാത്രയാകാൻ. 

 

ADVERTISEMENT

അതുകേൾക്കെ അവിടെ കൂടിയവർ കയ്യടിച്ചു. ചരമപ്രസംഗത്തിനിടെയുള്ള ആ കയ്യടി പക്ഷേ സന്ദർഭത്തിന് ഉചിതം തന്നെയായിരുന്നു. തന്നെ പ്രശസ്തനാക്കിയ ഓത്തുപള്ളിയിൽ എന്ന പാട്ടും പാടി, ‘ഒടുവിലീ യാത്രതൻ’ എന്ന മാസ്റ്ററുടെതന്നെ പാട്ടും കൂടി പാടിയാണ് അന്നു മുരളി പ്രിയ ഗുരുവിന് വിട ചൊല്ലിയത്. മലയാള സിനിമാ ആരാധകർ മനസ്സിന്റെ കോന്തലയ്ക്കൽ കെട്ടിയിട്ട നെല്ലിക്കയുടെ ചവർപ്പുള്ള ഗാനങ്ങളെ തേനൂറും ആലാപനംകൊണ്ട് അദ്ദേഹം മധുരമയമാക്കി. കുറച്ചു സിനിമകളിലേ പാടിയുള്ളൂവെങ്കിലും ഒട്ടേറെ നാടക ഗാനങ്ങളിലൂടെയും നാടൻ ശീലുകളുടെ വ്യത്യസ്തമായ അവതരണത്തിലൂടെയും ആരാധകരെ അദ്ദേഹം പാട്ടിന്റെ മാതളത്തേനൂട്ടി. രാഘവൻ മാസ്റ്റർക്കൊപ്പവും ആ പാട്ടുകൾക്കൊപ്പവും നടന്ന് മലയാളത്തനിമയുള്ള ഗാനങ്ങളുടെ മഹിമ കെടാതെ കാത്തു പ്രശസ്ത കവി വി.ടി. കുമാരന്റെ മകൻ കൂടിയായ മുരളി.

 

അവാർഡുകളേക്കാളും വിലയേറിയ കണ്ണീർത്തുള്ളി..

 

ADVERTISEMENT

ആസ്വാദകർ പാട്ടുകാരനപ്പുറം പാട്ടിന്റെ പൊരുൾ തേടിപ്പോകണമെന്ന പക്ഷക്കാരനായ മുരളിയുടെ ഓർമയിൽ ഇന്നും തെളിഞ്ഞുനിൽക്കുന്ന ഒരു അനുഭവമുണ്ട്. എൺപതുകൾക്ക് മുൻപുള്ള കാലം. മദ്രാസിലായിരുന്നു മുരളി. ഒരു പൊതു സുഹൃത്ത് വഴി തലശ്ശേരിക്കാരനായ സർക്കസ് മുതലാളിയെ പരിചയപ്പെട്ടു. അദ്ദേഹം സർക്കസ് കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ ഭാര്യയുമുണ്ട് അവിടെ. ഏതൊരു പാട്ടുകാരന്റെയും നിയോഗംപോലെ അവിടെയുള്ളവർക്കുമുൻപിൽ പാടി. ‘പൂജയ്ക്കെടുക്കാത്ത പൂക്കൾ’ എന്ന സിനിമയിൽ ഭാസ്കരൻ മാസ്റ്റർ എഴുതി രാഘവൻ മാസ്റ്റർ ട്യൂണിട്ട് ബ്രഹ്മാനന്ദൻ പാടിയ ‘ക്ഷേത്രമേതെന്നറിയാത്ത തീർഥയാത്ര’ എന്ന പാട്ടു പാടിയപ്പോൾ അവർ കരഞ്ഞു. 

 

പലതരത്തിലുള്ള അലച്ചിലുകളാണല്ലോ സർക്കസ് ജീവിതം. കൂടാരങ്ങളിൽനിന്ന് കൂടാരങ്ങളിലേക്കുള്ള യാത്ര. പാട്ടുകേട്ടപ്പോൾ അത് അവരുടെ ജീവിതത്തെ സ്പർശിച്ചിരിക്കണം. മുൻപ് കേട്ടിട്ടുള്ളതാണെങ്കിലും ഇപ്പോഴാണ് ഇത്രയും മനസ്സിനെ മഥിച്ചത് എന്നവർ പറഞ്ഞു. ജീവിതയാത്രയിൽ ഇങ്ങനെ വീണുകിട്ടുന്ന അവസരങ്ങളെ മുരളി ഏത് അവാർഡിനേക്കാളും വലുതായി കണക്കുകൂട്ടുന്നു. വരികളുടെയും സംഗീതത്തിന്റെയും ആത്മാവ് തുറക്കുന്ന ആലാപനത്തിലൂടെ ശ്രദ്ധേയനായ വി.ടി. പല കാരണങ്ങൾകൊണ്ടും വേണ്ടത്ര ആരാധകശ്രദ്ധ പതിയാത്ത ചില പാട്ടുകളെ ഓർത്തെടുക്കുകയാണ് ഇവിടെ. മുരളി പറഞ്ഞു തുടങ്ങുന്നു...

 

ADVERTISEMENT

‘കേട്ട പാട്ടുകൾ മധുരം, കേൾക്കാത്തവ മധുരതരം എന്നാണല്ലോ. എല്ലാ സംഗീത സംവിധായകർക്കുമുണ്ട് ഇത്തരം പാട്ടുകൾ. ആഴത്തിൽ പോയാൽ കൂടുതൽ മൂല്യമുണ്ടെന്നു തോന്നുന്നവ. പല കാരണങ്ങൾകൊണ്ടും ശ്രദ്ധിക്കപ്പെടാത്തവ. തലായിക്കടപ്പുറത്തെ തിരമാലകളുടെ താളം തന്റെ സംഗീതത്തിലേക്കു കൂടി പകർത്തിയ, എന്റെ ഗുരുനാഥൻ കൂടിയായ രാഘവൻ മാസ്റ്ററുടെ ചില പാട്ടുകളെക്കുറിച്ചു പറയാം. കൂട്ടത്തിൽ ഞാനുമായി ബന്ധമുള്ള ചില സിനിമകളെക്കുറിച്ചും. റിക്കോർഡിങ് കഴിഞ്ഞ ശേഷം സിനിമ മുടങ്ങിപ്പോയതുമൂലം പുറത്തിറങ്ങാത്ത പാട്ടുകളുണ്ട്. സിനിമയിറങ്ങിയിട്ടും ആസ്വാദകശ്രദ്ധ പതിയാതെ പോയവയുണ്ട്. സിനിമയിൽ‌ ഉപയോഗിക്കപ്പെടാതെ പോയവയുമുണ്ട് ഇക്കൂട്ടത്തിൽ. അതിൽ പലതും ഗംഭീരമായിരുന്നു; മലയാള സിനിമാ ഗാനശാഖയ്ക്ക് മുതൽക്കൂട്ടാവേണ്ടതുമായിരുന്നു’

 

പട്ടണം, ഉൾനാടുമെങ്ങും പഞ്ഞപ്പട്ടിണിയായിച്ചമഞ്ഞു...

 

എന്റെ രണ്ടുമൂന്ന് പാട്ടുകളിൽനിന്നു തുടങ്ങാം. കയ്യൂർ സമരം  പശ്ചാത്തലമാകുന്ന ‘തളിരണിയും കാലം’ എന്ന സിനിമ. കെ.എ.കേരളീയൻ, സുബ്രഹ്മണ്യൻ തിരുമുമ്പ് എന്നിവരെഴുതിയ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട് സിനിമയിൽ. പി. ഭാസ്കരൻ നേരത്തെ എഴുതിയ പദംപദം ഉറച്ചുനാം എന്ന പാട്ടുമുണ്ട്. അതിൽ ഞാൻ ഒരു പാട്ടു പാടിയിരുന്നു. രാഘവൻ മാസ്റ്റർതന്നെയായിരുന്നു സംഗീത സംവിധാനം. കേരളത്തിലെ കർഷക പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവായിരുന്ന കേരളീയന്റേതാണ് ‘പട്ടണം ഉൾനാടുമെങ്ങും പഞ്ഞപ്പട്ടിണിയായിച്ചമഞ്ഞു’ എന്നു തുടങ്ങുന്ന വരികൾ. ആ കാലഘട്ടത്തിലെ പാട്ടാണത്.   

 

റിക്കോർഡിങ് കഴിഞ്ഞ് കസെറ്റ് എല്ലാം പുറത്തിറങ്ങി. ഇ.കെ. നായനാരായിരുന്നു റിലീസ് ചെയ്തത്. കണ്ണൂർ ജില്ലയിലെ സിപിഎം നേതൃത്വമായിരുന്നു സിനിമയ്ക്കു പിന്നിൽ. സംസ്ഥാന നേതൃത്വത്തിന് താൽപര്യമില്ലാതിരുന്നതിനാൽ ആ പടം മുടങ്ങിയെന്നാണ് അറിവ്. ട്യൂൺ നിലനിർത്തി ഓർക്കസ്ട്ര മാറ്റി ഞാൻ അതു റെക്കോർഡ് ചെയ്തു വച്ചിട്ടുണ്ട്. അതുപോലെ ഇടശ്ശേരിയുടെ ‘പൂതപ്പാട്ട്’ ടിവി സീരിയിലാക്കാൻ പദ്ധതിയുണ്ടായിരുന്നു. ഗുരുവായൂരുള്ള ചിത്രകാരനായ ഗായത്രിയായിരുന്നു സംവിധായകൻ. രാഘവൻ മാസ്റ്ററുടെ നേതൃത്വത്തിൽ റെക്കോർഡിങ് എല്ലാം കഴിഞ്ഞു. പൂതപ്പാട്ടിലെ ഭാഗങ്ങളും അല്ലാതെ എഴുതിയതുമായ പാട്ടുകൾ ഉണ്ടായിരുന്നു. പാട്ടുകാരിലൊരാളായി ഞാനുമുണ്ടായിരുന്നു. അതും പാതിവഴിക്ക് നിന്നു പോയി. അതെല്ലാം പുറത്തുവരാത്തത് കഷ്ടമാണ്. 

 

ഏഴാംതുയിലോ എഴുതുയിലോ, 

കെഴകെഴക്കേ മുടിയേറ്റി

 

അതുപോലെ, മറ്റൊരു നഷ്ടക്കഥയാണ് ‘ഏഴാംതുയിലോ എഴുതുയിലോ’  എന്ന പാട്ട്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ പ്രഫ. നാരായണന്റെ രചനയിൽ രാഘവൻ മാസ്റ്റർ സംഗീത സംവിധാനം നിർവഹിച്ച പാട്ടിന്റെ  റിക്കോർഡിങ് കഴിഞ്ഞിരുന്നു. യൂസഫ് ചിത്രാലയ സംവിധാനം നിർവഹിക്കുന്ന ‘ചിറക്’ എന്ന സിനിമയുടെ ഷൂട്ടിങ് തുടങ്ങിയെങ്കിലും പാതിവഴിയിൽ നിന്നു. സിനിമ പുറത്തിറങ്ങാത്തതിനാൽ പാട്ട് ആരും കേട്ടതുമില്ല. 

 

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി രാഘവൻ മാസ്റ്റർ ട്യൂണിട്ടതാണ് ഇങ്ങനെ നഷ്ടപ്പെട്ട മറ്റൊരു പാട്ട്. ശിവപ്രസാദായിരുന്നു സിനിമയുടെ സംവിധായകൻ. വളരെ വ്യത്യസ്തമായ പാട്ടുകളായിരുന്നു  സിനിമ ഇറങ്ങിയാൽ  ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പുള്ള ഗാനങ്ങൾ. തോറ്റംപാട്ട് ശൈലിയിലുള്ള ‘കെഴകെഴക്കേ മുടിയേറ്റി, മാമലവാരം തെക്കുതെക്ക്’ എന്നു തുടങ്ങുന്ന പാട്ട്. വെറും ചെണ്ടയും കുറുംകുഴലും വയലിനും മാത്രമായിരുന്നു പശ്ചാത്തലത്തിൽ. സിനിമ പകുതി വച്ച് നിന്നതിനാൽ എനിക്കു മാത്രമല്ല, മലയാള ഗാനശാഖയ്ക്കു തന്നെ വ്യത്യസ്തമായ ഒരു പാട്ട് നഷ്ടമായി എന്നു ഞാൻ പറയും.

 

എവിടെയാ വാഗ്ദത്ത ഭൂമി...

 

‘യുദ്ധകാണ്ഡം’ എന്ന സിനിമയിൽ രാഘവൻ മാസ്റ്ററുടെ സംഗീത സംവിധാനത്തിൽ യേശുദാസ് പാടിയ ‘ശ്യാമസുന്ദരപുഷ്പമേ’ എക്കാലത്തെയും ഹിറ്റാണ്.  ആ സിനിമയിൽത്തന്നെയുള്ള മനോഹരമായ മറ്റൊരുപാട്ടാണ് വാണി ജയറാം പാടിയ  ‘പൊന്നുംകുടത്തിനൊരു പൊട്ടുവേണ്ടെന്നാലും’ എന്നത്. യേശുദാസ് ആലപിച്ച, ഒട്ടേറെ അർ‌ഥതലങ്ങളുള്ള ‘ഒടുവിലീ യാത്രതൻ’ എന്ന പാട്ടും ഒട്ടൊക്കെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, ‘എവിടെയാ വാഗ്ദത്ത ഭൂമി, എവിടെയാ സൗവർണ ഭൂമി’ എന്നു തുടങ്ങുന്ന ഒഎൻ‌വിയുടെ ഒരു കവിതയുണ്ട് അതിൽ. വളരെ പൊളിറ്റിക്കലായുള്ള മാനങ്ങളുള്ള ഒന്ന്. വളരെ വൈകാരിമായ മറ്റു പാട്ടുകളുടെ കൂട്ടത്തിൽ ഇങ്ങനെയൊന്ന് എങ്ങനെ വന്നു എന്ന് നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ. ആ പാട്ട് സിനിമയിലുണ്ട്. പക്ഷേ, ശ്രദ്ധിക്കപ്പെട്ടില്ല. 

 

അത് ആസ്വാദകരുടെ മാത്രം കുറ്റമല്ല. ‘ഇവിടെയീ മരുഭൂവിൽനിന്നിവർ ചോദിപ്പൂ എവിടെ എവിടെയാ സ്വപ്നഭൂമി’ എന്നുള്ള ഒഎൻവിയുടെ ചോദ്യം ചിന്തകരും ബുദ്ധിജീവികളും പോലും ചോദിച്ചില്ല എന്നതാണു കാര്യം. ഇതുപോലെയുള്ള ഒരുപാട് കാര്യങ്ങൾ ആസ്വാദകന്റെ ശ്രദ്ധയിലേക്കു വരേണ്ടതുണ്ടെന്നാണ് എന്റെ പക്ഷം. കാലത്തിനു മുന്നേ നടന്നുപോയവരാണ് ഒഎൻവിയും ഭാസ്കരൻമാഷും വയലാറുമെല്ലാം. രാഘവൻ മാസ്റ്ററും അങ്ങനെ കാലത്തിനപ്പുറം നടന്നയാളാണ്. കാലത്തിനൊപ്പം കൂടാനാണ് ഇന്ന് എല്ലാവർക്കും താൽപര്യം. കാലത്തെ നമ്മുടെയൊപ്പം കൂട്ടുകയെന്നതായിരുന്നു മുൻഗാമികളുടെ രീതി. പറഞ്ഞുവരുന്നത് പാട്ട് ശ്രദ്ധിക്കപ്പെടുന്നതിൽ അതുമായി ബന്ധപ്പെട്ടുവരുന്ന ചർച്ചകൾക്ക് പ്രാധാന്യമുണ്ടെന്നാണ്. 

 

മോഹം ഇതളിട്ട പൂവ്

 

കെ.പി. കുമാരൻ സംവിധാനം ചെയ്ത് 1979ൽ പുറത്തിറങ്ങിയ ‘തേൻതുള്ളി’ എന്ന സിനിമയിൽ നാലു ഗാനങ്ങളുണ്ട്. പി.ടി. അബ്ദുറഹ്മാൻ രചിച്ച ‘ഓത്തുപള്ളിയിൽ’ എന്നു തുടങ്ങുന്ന, ഞാൻ‌ പാടിയ പാട്ട് ശ്രദ്ധിക്കപ്പെട്ടതിൽ സന്തോഷമുണ്ട്. കാലത്തെ ജയിക്കുവാൻ എന്ന മറ്റൊരു പാട്ടും ഞാനതിൽ പാടിയിട്ടുണ്ട്. പി. സുശീല പാടിയ ‘മോഹം ഇതളിട്ട പൂവ്, ദാഹാർത്തമാമൊരു നാവ് എന്ന പാട്ട് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.  മനോഹമരമായ അലകൾ പോലെയുള്ള സംഗീതം. രാഘവൻ മാസ്റ്ററുടെ സിഗ്നേച്ചർ അതിലുണ്ട്. അതെന്തുകൊണ്ട് വേണ്ട രീതിയിൽ ആസ്വദിക്കപ്പെടാതെപോയി എന്നത് എന്നെ പലപ്പോഴും ചിന്തയിലാഴ്ത്തിയിട്ടുണ്ട്. സംഗീതപരമായ ശക്തിയില്ലായ്മയാണോ കാരണം? അല്ലെന്നത് വ്യക്തമല്ലേ? മലയാളിയുടെ പാട്ടാസ്വാദനത്തിലെ പ്രത്യേകതകളാണോ ചിലതിനെ വിട്ടുകളയുന്നതിനു  പിന്നിൽ? 

 

ഋതുകന്യകയുടെ ലതാഗൃഹത്തിലെ...

ഇന്ദു പൂർണേന്ദു...

 

സിനിമ എടുത്തുവരുമ്പോൾ ആവശ്യമില്ലെന്നു തോന്നി ഒഴിവാക്കപ്പെട്ട പാട്ടുകളുണ്ട്. കഥാഘടനയ്ക്ക് ആവശ്യമില്ലെന്നു തോന്നിയിട്ടോ സംവിധാധകന് പാട്ടിനെക്കുറിച്ച് നല്ല അഭിപ്രായമില്ലാത്തതിനാലോ ആകാം ഒഴിവാക്കപ്പെട്ടവമുണ്ട്. രാഘവൻ മാസ്റ്റർ സംഗീത സംവിധാനം നിർവഹിച്ച ‘കൊടുങ്ങല്ലൂരമ്മ’ എന്ന സിനിമയിലെ വയലാർ എഴുതിയ ‘ മഞ്ജുഭാഷിണി’ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നാണല്ലോ. ഭദ്രദീപം കരിന്തിരി കത്തി എന്ന പാട്ടും സിനിമയിലുണ്ട്.  പക്ഷേ,  ‘ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ’ എന്ന പി. സുശീല പാടിയ മനോഹരമായ പാട്ട് സിനിമയിലില്ല. കണ്ണകി കോവിലനെപ്പറ്റിയാണ് പാടുന്നത്. നിന്റെ മുൻപിൽ ഞാനെങ്ങനെ വരണം എന്ന്. സിനിമയിൽനിന്ന് ഒഴിവായതോടെ മലയാളി മനസ്സിലും ആ പാട്ട് വേണ്ടത്ര പതിഞ്ഞില്ല. 

 

ഉയരും ഞാൻ നാടാകെ എന്ന ചിത്രത്തിൽ എന്റെ രണ്ടു പാട്ടുണ്ടായിരുന്നു. ഹരിപ്പാട് കെ.പി.എൻ പിള്ളയാണ് സംഗീത സംവിധാനം. മാതളത്തേനുണ്ണാൻ, തുള്ളിത്തുള്ളിവാ എന്നീ പാട്ടുകളായിരുന്നു എനിക്ക്. അതിൽ ഒരു പാട്ട് യേശുദാസും ചിത്രയും കൂടി പാടിയതാണ്. മറ്റൊന്ന് യേശുദാസും സംഘവും പാടിയത്. ആ രണ്ടു പാട്ടും സിനിമയിലില്ല. ഒഴിവാക്കപ്പെട്ട  ‘ഇന്ദു പൂർണേന്ദു’ എന്ന പാട്ട് മലയാളി കേൾക്കേണ്ട പാട്ടാണ്.

 

ശീവേലി മുടങ്ങി

 

മലയാളത്തിന്റെ മറ്റൊരു നഷ്ടത്തെക്കുറിച്ചുപറഞ്ഞ് അവസാനിപ്പിക്കാം. വെങ്കലം എന്ന സിനിമയിൽ ഭാസ്കൻ മാസ്റ്റർ എഴുതി രവീന്ദ്രൻ സംഗീത സംവിധാനം നിർവഹിച്ച നല്ല പാട്ടുകളുണ്ട്. പത്തുവെളുപ്പിന്, ഒത്തിരിയൊത്തിരി, ആറാട്ടുകടവിങ്കൽ അങ്ങനെ. സിനിമ വന്നപ്പോൾ ഒഴിവാക്കിയ ഒന്നാണ് ‘ശീവേലി മുടങ്ങി, ശ്രീദേവി മടങ്ങി’ എന്നു തുടങ്ങുന്ന, യേശുദാസ് പാടിയ പാട്ട്. എന്തു കാരണംകൊണ്ടാണ് സംവിധായകൻ ഭരതൻ അതു സിനിമയിൽനിന്ന് ഒഴിവാക്കിയതെന്ന് അറിയില്ല.

 

വിഗ്രഹങ്ങളുണ്ടാക്കുന്ന, അതു കുലത്തൊഴിലായി സ്വീകരിച്ച സമൂഹത്തിന്റെ ഉള്ളിലെ ചില സംഘർഷങ്ങൾ ആ സിനിമയിലുണ്ട്. ഭാസ്കരൻ മാസ്റ്റർ അതിനു യോജിച്ച പദാവലിയും ബിംബങ്ങളും ഉപയോഗിച്ചാണ് ആ പാട്ടെഴുതിയിരിക്കുന്നത്. 

ശീവേലി മുടങ്ങി, ശ്രീദേവി മടങ്ങി

പൂവിളിയടങ്ങി, പോർവിളി തുടങ്ങി

അസ്തമനസൂര്യന്റെ പൊൻതിടമ്പ്

മാനം മസ്തകം കുലുക്കിത്തള്ളിത്താഴെയിട്ടു. 

കഴിഞ്ഞതു മുഴുവൻ കുഴിച്ചുമൂടാൻ

വെറും കുഴിമാടപ്പറമ്പല്ല നരഹൃദയം...

 

ഇങ്ങനെ വരുന്നു വരികൾ. കഥയിലേക്കു നേരിട്ടു പ്രവേശിക്കുന്ന വരികൾ. മനോഹരമായ വരികളും രവീന്ദ്രൻ മാസ്റ്ററുടെ മനോഹരമായ ഈണവുമുള്ള ആ പാട്ട് ഒഴിവാക്കിയെന്നറിഞ്ഞപ്പോൾ ഭാസ്കരൻ മാഷ്തന്നെ വളരെ പ്രയാസപ്പെട്ടിരുന്നത്രേ. 

 

 

English Summary: Singer VT Murali Remembering Some of his Favourite Movie Songs That Never Came out