മലയാള മനോരമ മൊബൈൽ ആപ്പിന് വാൻ–ഇഫ്ര പുരസ്കാരം

മികച്ച മൊബൈൽ വാർത്താമാധ്യമത്തിനുള്ള വാൻ–ഇഫ്ര സൗത്ത് ഏഷ്യൻ ഡിജിറ്റൽ മീഡിയ വെങ്കല പുരസ്കാരം എബിപി പ്രൈവറ്റ് ലിമിറ്റഡ് എംഡിയും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഡി.ഡി.പുർകായസ്തയിൽനിന്ന് മനോരമ ഓൺലൈൻ അസിസ്റ്റന്റ് കണ്ടന്റ് പ്രൊഡ്യൂസർ അമിൻ സീതി ഏറ്റുവാങ്ങുന്നു.

ചെന്നൈ ∙ മികച്ച മൊബൈൽ വാർത്താ മാധ്യമത്തിനുള്ള വാൻ–ഇഫ്ര സൗത്ത് ഏഷ്യൻ ഡിജിറ്റൽ മീഡിയ വെങ്കല പുരസ്കാരം മലയാള മനോരമ മൊബൈൽ ആപ്പിന്. ഉള്ളടക്കം, അവതരണം, പുതുമ എന്നിവയിൽ തുടർച്ചയായി മികവു പുലർത്തിയതിനാണ് അംഗീകാരം. എബിപി പ്രൈവറ്റ് ലിമിറ്റഡ് എംഡിയും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഡി.ഡി.പുർകായസ്തയിൽ നിന്നു മനോരമ ഓൺലൈൻ അസിസ്റ്റന്റ് കണ്ടന്റ് പ്രൊഡ്യൂസർ അമിൻ സീതി പുരസ്കാരം ഏറ്റുവാങ്ങി.

ഡിജിറ്റൽ മാധ്യമരംഗത്ത് ഇരുപതാണ്ടു തികച്ച മനോരമ ഓൺലൈൻ, ഇൗ കാലയളവിൽ രാജ്യാന്തരവും ദേശീയവുമായ ഇരുപതിലേറെ പുരസ്കാരങ്ങളാണു സ്വന്തമാക്കിയത്. 2016ൽ നേടിയ, ലോകത്തെ ഏറ്റവും മികച്ച വാർത്താ വെബ്സൈറ്റിനുള്ള വാൻ–ഇഫ്ര രാജ്യാന്തര പുരസ്കാരവും മൊബൈൽ ആപ്പുകളുടെ മികവിനുള്ള മൂന്നു രാജ്യാന്തര അവാർഡുകളും (2012, 2013, 2015) ഇതിൽ ഉൾപ്പെടും. ദക്ഷിണേഷ്യയിലെ മികച്ച വാർത്താ വെബ്സൈറ്റിനുള്ള 2016ലെ വാൻ–ഇഫ്ര ഡിജിറ്റൽ മീഡിയ സുവർണ പുരസ്കാരവും നേടിയിട്ടുണ്ട്. ഇതേവിഭാഗത്തിൽ വെങ്കല പുരസ്കാരം മനോരമ ഓൺലൈൻ ഇംഗ്ലിഷ് പതിപ്പായ ഓൺമനോരമയ്ക്കായിരുന്നു (www.onmanorama.com).

റെക്കോർഡ് പ്രചാരമുള്ള മനോരമ ഓൺലൈനിൽ 24 മണിക്കൂർ വാർത്തയ്ക്കു പുറമേ വിജ്ഞാനവും വിനോദവും ഉൾക്കൊള്ളുന്ന 18 ചാനലുകളുമുണ്ട്. സിനിമ, സംഗീതം, സാഹിത്യം, വിദ്യാഭ്യാസം, സ്പോർട്സ്, ടെക്നോളജി, ഫാസ്റ്റ്ട്രാക്ക്, യാത്ര, മതം, അസ്ട്രോളജി, ചിൽഡ്രൻ തുടങ്ങിയവ ഇതിലുൾപ്പെടുന്നു. മൊബൈൽ ഫോണിലും ടാബ്‌ലറ്റിലും അനായാസം വായിക്കാവുന്ന സൈറ്റാണു മനോരമ ഓൺലൈൻ. ഗൂഗിൾ പ്ലേ സ്റ്റോറിൽ ജനപ്രീതിയുള്ള മലയാളം ന്യൂസ് ആപ് മനോരമയുടേതാണ്. ആപ്പിൾ വാച്ചിലും ആമസോൺ ഇക്കോയിലും ഇന്ത്യയിലെ ആദ്യ പ്രാദേശിക ന്യൂസ് ആപ് അടക്കം 30 ആപ്ലിക്കേഷനുകൾ മനോരമയ്ക്കുണ്ട്. ഡൗൺലോഡ് ചെയ്യാം (mobile.manoramaonline.com).