വിട പറയാൻ ഐപോഡും

ഡിജിറ്റൽ സംഗീതത്തെ കൈപ്പിടിയിലൊതുക്കാൻ ആപ്പിൾ അവതരിപ്പിച്ച ഐപോഡ് നിരയിൽ വീണ്ടും വെട്ടിനിരത്തൽ. പല വർഷങ്ങളായി ഐപോഡ് മോഡലുകൾ പലതും നിർത്തലാക്കിയ ആപ്പിൾ ഇക്കുറി രണ്ടു മോഡലുകൾ കൂടി അവസാനിപ്പിച്ചു. ഇനി അവശേഷിക്കുന്നത് ഒരേയൊരു മോഡൽ മാത്രം.

വൈകാതെ അതും വിൽപന നിർത്തി ഐപോഡ് ശ്രേണിയോടു വിടപറയാനാണ് ആപ്പിളിന്റെ നീക്കം. പാട്ടു കേൾക്കാൻ സ്മാർട് ഫോണിൽ നൂതന സംവിധാനങ്ങൾ വരുന്ന കാലത്തിനു മുൻപ് ആപ്പിൾ അവതരിപ്പിച്ച ഐപോഡിന്റെ പ്രസക്തി നഷ്ടപ്പെട്ടതു മനസ്സിലാക്കിയാണ് ഐപോഡ് എന്ന, പാട്ടിനു വേണ്ടി മാത്രമുള്ള ഉപകരണം ആപ്പിൾ കൈവിടാനൊരുങ്ങുന്നത്.

ഐപോഡ് ഷഫിൾ, ഐപോഡ് നാനോ എന്നിവയാണ് ഇന്നലെ ആപ്പിൾ നിർത്തലാക്കിയത്. ഇനി അവശേഷിക്കുന്നതു കാഴ്ചയിൽ ഐഫോണിനോടു സാദൃശ്യമുള്ള ഐപോഡ് ടച്ച് എന്ന മോഡലാണ്. മെമ്മറി വർധിപ്പിച്ച ഐപോഡ് ടച്ചിന്റെ വിലയും കുറച്ചിട്ടുണ്ട്.

16 ജിബി, 32 ജിബി മെമ്മറിയുണ്ടായിരുന്ന ഐപോഡ് ടച്ച് ഇനി മുതൽ 64 ജിബി, 128 ജിബി മെമ്മറിയോടു കൂടിയാവും എത്തുക. 2001ലാണ് ആപ്പിൾ ഐപോഡ് ആദ്യമായി അവതരിപ്പിച്ചത്. 2007ൽ ഐഫോൺ എത്തുന്നതുവരെ ഐപോഡായിരുന്നു താരം.