ആപ്പിൾ ഐഫോണിന് പത്താമുദയം

ലൊസാഞ്ചലസ് ∙ മൊബൈൽ ഫോൺ ചരിത്രത്തിൽ പുതിയ അധ്യായമെഴുതി 10 വർഷം മുൻപു സ്റ്റീവ് ജോബ്സ് ആദ്യത്തെ ഐഫോൺ അവതരിപ്പിച്ചതിന്റെ സ്മാരകമായി ആപ്പിൾ ആസ്ഥാനത്തെ സ്റ്റീവ് ജോബ്സ് തിയറ്ററിൽ പുതിയ ഐഫോൺ അവതരിപ്പിച്ചു. ദശവാർഷിക സമ്മാനമായി ഐഫോൺ ടെൻ എത്തിയപ്പോൾ ഒപ്പമെത്തിയത് ഐഫോൺ 8, 8 പ്ലസ് എന്നീ മോഡലുകളും.

വളരെ നാടകീയമായി സംഘടിപ്പിച്ച ചടങ്ങിൽ പുതിയ ഐഫോണിലെ മികവുകൾ എണ്ണിപ്പറഞ്ഞ് ആപ്പിൾ സിഇഒ ടിം കുക്കും സംഘവും കയ്യടി നേടിയപ്പോൾ നിലവിലുള്ള മികച്ച ആൻഡ്രോയ്ഡ് ഫോണുകൾക്കൊപ്പം നിൽക്കാനുള്ള ശ്രമത്തിനപ്പുറം പുതുതായൊന്നും അവതരിപ്പിക്കാൻ ആപ്പിളിനായിട്ടില്ല എന്നും വിലയിരുത്തലുണ്ട്. ഇതാദ്യമായി മറ്റു രാജ്യങ്ങൾക്കൊപ്പം തന്നെ ഇന്ത്യയിലും ഐഫോൺ നവംബർ മൂന്നിനു തന്നെ വിപണിയിലെത്തും.

ഒക്ടോബർ 27 മുതൽ പ്രീ ബുക്കിങ് ആരംഭിക്കും. പുതിയ ഐഫോൺ മോഡലുകളുടെ യുഎസ് വിലയെക്കാൾ ഏറെ ഇന്ത്യയിൽ നൽകേണ്ടി വരുമെന്നാണു സൂചനകൾ. ഐഫോൺ ടെൻ 64 ജിബി മോഡലിന് ഇന്ത്യയിൽ 89,000 രൂപയും 256 ജിബി മോഡലിന് 1.02 ലക്ഷം രൂപയുമായിരിക്കും വില. ഐഫോൺ 8 വിലകൾ ഇങ്ങനെ. 64 ജിബി– 64,000 രൂപ, 256 ജിബി– 77,000 രൂപ. ഐഫോൺ 8 പ്ലസ് 64 ജിബിക്ക് 73,000 രൂപ, 256 ജിബിക്ക് 86,000 രൂപ.

ഐഫോൺ ടെന്നിന് 5.8 ഇഞ്ചും ഐഫോൺ 8 പ്ലസിന് 5.5 ഇഞ്ചും ഐഫോൺ 8ന് 4.7 ഇ‍ഞ്ചുമാണു സ്ക്രീൻ വലുപ്പം. ഐഫോൺ എല്ലാ മോഡലുകൾക്കും 64 ജിബി, 256 ജിബി പതിപ്പുകൾ മാത്രമേയുള്ളൂ. ഐഫോൺ ടെൻ സ്പേസ് ഗ്രേ, സിൽവർ നിറങ്ങളിലെത്തുമ്പോൾ ഐഫോൺ 8 ഗോൾഡൻ നിറത്തിലും ലഭിക്കും. ഇന്ത്യയിൽ ഈ ഫോണുകൾ 29ന് അവതരിപ്പിക്കും. പുതിയ ഐഫോണുകളുടെ വരവിനോടനുബന്ധിച്ച് ഐഫോൺ 7, 7 പ്ലസ്, ഐഫോൺ 6, 6 പ്ലസ് എന്നീ മോഡലുകൾക്ക് ഇന്ത്യയിൽ‌ വില കുറച്ചിട്ടുമുണ്ട്.

ആപ്പിൾ വാച്ച്, ടിവി

4ജി വോയ്സ് കോളിങ് സൗകര്യമുള്ള ആപ്പിൾ വാച്ചിന്റെ പുതിയ പതിപ്പും 4കെ വിഡിയോ സപ്പോർട്ടുള്ള പുതിയ ആപ്പിൾ ടിവിയുമാണ് ഐഫോണിനൊപ്പം ആപ്പിൾ അവതരിപ്പിച്ചത്. ആപ്പിളിന്റെ വോയ്സ് അസിസ്റ്റന്റായ സിരി വാച്ചിലേക്കും സേവനം വ്യാപിപ്പിച്ചതാണ് മറ്റൊരു പുതുമ. എ10 ഫ്യൂഷൻ ചിപ്, 4കെ എച്ച്ഡിആർ സപ്പോർട്ട് എന്നിവയാണ് ആപ്പിൾ ടിവിയിലെ പുതുമകൾ.

പുതുമകൾ ഏറെ

∙ ഐഫോൺ ടെന്നിൽ ഹോം ബട്ടൺ ഇല്ല, പകരം മുഖം നോക്കി ഫോൺ അൺലോക്ക് ചെയ്യാവുന്ന ഫെയ്സ് ഐഡി.
ഐഫോൺ 8, 8 പ്ലസ് മോഡലുകളിൽ ഹോം ബട്ടണും ടച്ച് ഐഡിയും.
ആദ്യമായി ഐഫോണിൽ ഒഎൽഇഡി ഡിസ്പ്ലേ. ഐഫോൺ ടെന്നിൽ സൂപ്പർ റെറ്റിന ഡിസ്പ്ലേ, എച്ച്ഡിആർ സപ്പോർട്ട്.
പുതിയ എ11 ബയോണിക് ചിപ്– 6 കോർ 64 ബിറ്റ് പെർഫോമൻസ്.
വിവിധ തലങ്ങളിൽ ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ സാന്നിധ്യം. അതിനായി പുതിയ മികവുറ്റ സെൻസറുകൾ.
നമ്മുടെ സംഭാഷണവും ഭാവങ്ങളുമെല്ലാം തൽസമയം പകർത്തി ഏതു രൂപവും പ്രാപിക്കുന്ന അനിമോജി (സ്നാപ്ചാറ്റുമായി സഹകരിച്ചു നിർമിച്ചത്).
ഒപ്റ്റിക്കൽ സൂമിങ്ങും പോർട്രെയിറ്റ് ലൈറ്റിങ്ങുമുൾപ്പെടെ ഒട്ടേറെ മികവുകളുമായി ഐഫോൺ ടെന്നിലും 8 പ്ലസിലും ഡ്യുവൽ ക്യാമറ സെൻസർ. ഐഫോൺ 8ൽ സിംഗിൾ ക്യാമറ മാത്രം.
വയർലെസ് ചാർജിങ്.