ജിഎസ്ടി വന്നാല്‍ പെട്രോള്‍, ഡീസല്‍ വില പകുതിയാകും; വേണ്ടെന്ന ശാഠ്യം സംസ്ഥാനങ്ങൾക്ക്

ന്യൂഡൽഹി ∙ പെട്രോളും ഡീസലും മറ്റ് പെട്രോളിയം ഉൽപന്നങ്ങളും ചരക്ക്, സേവന നികുതി(ജിഎസ്ടി)യുടെ പരിധിയിൽ കൊണ്ടുവരണം എന്ന കേന്ദ്രസർക്കാർ നിലപാടിനെ ഉപഭോക്താക്കൾ പരക്കെ സ്വാഗതം ചെയ്യുകയാണ്. കാരണം പെട്രോളും ഡീസലും ജിഎസ്ടിയുടെ കീഴിൽ വന്നാൽ വില 22 ശതമാനമെങ്കിലും കുറയും. ഇവയ്ക്ക്  ജിഎസ്ടിയുടെ താഴ്ന്ന നിരക്ക് ഏർപ്പെടുത്തിയാൽ വില പകുതി വരെ കുറഞ്ഞേക്കാം.

എന്തുകൊണ്ട് ജിഎസ്ടിയിൽ അല്ല?

പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിക്കു പുറത്തുവേണമെന്ന് ശാഠ്യം പിടിച്ചത് സംസ്ഥാനങ്ങൾ തന്നെയാണ്. ഇവയ്ക്കു കേന്ദ്രസർക്കാരിന്റെ എക്സൈസ് നികുതി 23 ശതമാനമാണ്. ബാക്കി 15 മുതൽ 34 ശതമാനം വരെ  നികുതി ചുമത്തുന്നത് സംസ്ഥാനസർക്കാരുകളാണ്. ഓരോ സംസ്ഥാനവും ഓരോ നിരക്കിലാണ് പെട്രോളിനും ഡീസലിനും മൂല്യവർധിത നികുതി (വാറ്റ്) ഈടാക്കുന്നത്. ഡൽഹിയിൽ ഇത് 27 ശതമാനവും മഹാരാഷ്ട്രയിൽ 47 ശതമാനവും കേരളത്തിൽ പെട്രോളിന് 31.8%, ഡീസലിന് 24.5% എന്നിങ്ങനെയുമാണ്. ഒരു സംസ്ഥാനവും ഈ വരുമാനം നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ല.

ജിഎസ്ടി വന്നാൽ എത്രത്തോളം വില കുറയും ?

അത് എത്ര ശതമാനം ജിഎസ്ടി എന്നതിനെ ആശ്രയിച്ചിരിക്കും. ജിഎസ്ടിക്ക്  ഇപ്പോൾ അഞ്ചു സ്ലാബുകളാണ്– 0, 5, 12, 18, 28% എന്നിങ്ങനെ.

∙ ഇതിൽ ഓരോന്നിലും വരുമ്പോൾ പെട്രോളിന് വരുന്ന കുറവു നോക്കാം–

മുംബൈയിൽ പെട്രോൾ വില 79.48 രൂപയാണ്. ജിഎസ്ടി 12% വന്നാൽ വില 38 രൂപയാവും, 18% ആണെങ്കിൽ  40.05 രൂപയാവും, 28 ശതമാനമാണെങ്കിൽ 43.44 രൂപയാകും. ഇനി 28% ജിഎസ്ടിയും 22% ആഡംബര സെസും കൂടി ചേർത്താലും 50.91 രൂപയേ വില വരൂ.

∙ ഡീസലിന് മുംബൈയിൽ 62.37 രൂപയാണു വില. ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ വിവിധ നികുതി നിരക്കുകളിൽ വില ഇങ്ങനെയാവും–12 %ആണെങ്കിൽ 36.65രൂപ, 18 ആണെങ്കിൽ 38.61 രൂപ, 28 % ആണെങ്കിൽ 41.88 രൂപ, 22% സെസും 28% ജിഎസ്ടിയും ആയാലും വില 49.08 രൂപ മാത്രം.

ആരു തീരുമാനിക്കണം ?

പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയിൽ പെടുത്തണമെങ്കിൽ കേന്ദ്രസർക്കാരിനോ സംസ്ഥാനസർക്കാരിനോ തീരുമാനിക്കാനാവില്ല. ജിഎസ്ടി നിയമപ്രകാരം ജിഎസ്ടി കൗൺസിലിനു മാത്രമേ ഇതിന് അധികാരമുള്ളൂ. കൗൺസിൽ ഇങ്ങനെ ഒരു തീരുമാനം എടുക്കണമെന്ന് കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലിയും പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനും ആവശ്യപ്പെട്ടിരിക്കുകയാണ്.

പ്രതീക്ഷയ്ക്കു വഴിതെളിയുന്നു

പെട്രോളിയം ഉൽപ്പന്നങ്ങളിൽ പ്രകൃതി വാതകത്തിന് അഞ്ചു ശതമാനം മൂല്യവർദ്ധിത നികുതി (വാറ്റ്) മതി എന്ന് എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരുമായി ധാരണയിൽ എത്തിയിട്ടുണ്ട്. പ്രകൃതിവാതകം ഉപയോഗിക്കുന്ന വ്യവസായങ്ങളെക്കരുതിയാണ് ഈ തീരുമാനം. ജിഎസ്ടി വന്നതോടെ ഈ വ്യവസായങ്ങൾക്ക് അവർ ഉപയോഗിക്കുന്ന അസംസ്കൃത വിഭവങ്ങൾക്ക് ഇൻപുട് ടാക്സ് ക്രെഡിറ്റ് അവകാശപ്പെടാം. ഇതു കണക്കിലെടുത്താണ് സംസ്ഥാനങ്ങൾ പ്രകൃതിവാതകത്തിന് 5% വാറ്റ് മതി എന്ന് തീരുമാനിച്ചത്. ഭാവിയിൽ എല്ലാ പെട്രോളിയം ഉൽപ്പന്നങ്ങൾക്കും ഏകീകൃത നികുതി എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാൻ ഇതു സഹായകമായേക്കും.