കേരോൽപന്ന നിർമാണം: 23 പദ്ധതിക്ക് അംഗീകാരം

കൊച്ചി ∙ കേരോൽപന്നങ്ങളുടെ നിർമാണവും സംസ്കരണവും ഗവേഷണവും പ്രോൽസാഹിപ്പിക്കുന്നതിനു 23 പദ്ധതികൾക്കു നാളികേര ടെക്നോളജി മിഷൻ അംഗീകാരം. മൊത്തം പദ്ധതി തുക 22.69 കോടി രൂപയാണ്. നാളികേര വികസന ബോർഡ് ചെയർമാൻ ഡോ. ബി.എൻ.എസ്. മൂർത്തിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രോജക്ട് അപ്രൂവൽ സമിതിയാണ് അംഗീകാരം നൽകിയത്. ഇതിൽ മൂന്നെണ്ണം ഗവേഷണ പദ്ധതികളും 19 എണ്ണം നാളികേര സംസ്കരണം, ഉൽപന്ന വൈവിധ്യവൽക്കരണം എന്നിവയ്ക്കുള്ള പദ്ധതികളുമാണ്.

കേരളത്തിൽ പ്രതിദിനം 72500 നാളികേരം സംസ്കരിക്കാൻ ശേഷിയുള്ള രണ്ടു ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡർ യൂണിറ്റുകൾക്ക് അനുമതി ലഭിച്ചു. പ്രതിദിനം 1000 നാളികേരം സംസ്കരിക്കുന്നതിനും 1000 ലീറ്റർ തേങ്ങാവെള്ളത്തിൽനിന്നു വിനാഗിരി, നാറ്റാ ഡി കോക്കോ എന്നിവ ഉൽപാദിപ്പിക്കുന്ന യൂണിറ്റിനും അനുമതിയുണ്ട്. വെളിച്ചെണ്ണ യൂണിറ്റ്, മൂന്നു ബോൾ കൊപ്ര നിർമാണ യൂണിറ്റ്, ചിരട്ടക്കരി യൂണിറ്റ് എന്നിവയ്ക്കും കേരളത്തിൽ അനുമതി ലഭിച്ചു.