എണ്ണ ഉൽപാദനം വീണ്ടും നിയന്ത്രിക്കാൻ ഒപെക്

ദോഹ ∙ എണ്ണ ഉൽപാദനത്തിനു വീണ്ടും നിയന്ത്രണമേർപ്പെടുത്താൻ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് നീക്കം. യുഎസ് ഉപരോധം ഇറാന്റെ എണ്ണ കയറ്റുമതിയെ കാര്യമായി ബാധിക്കാത്ത സാഹചര്യത്തിലാണ് ഉൽപാദനത്തിൽ പ്രതിദിനം 10 ലക്ഷം ബാരൽ കുറവ് വരുത്തുന്നത് പരിഗണിക്കുന്നത്. എണ്ണ വിപണി സന്തുലിതമാക്കാൻ ഉൽപാദനം കുറയ്ക്കണമെന്ന് അബുദാബിയിൽ രാജ്യാന്തര പെട്രോളിയം സമ്മേളനത്തിൽ സൗദി എണ്ണ മന്ത്രി ഖാലിദ് അൽ ഫലീഹ് പറഞ്ഞു. സൗദി ഉൽപാദനം ഡിസംബറിൽ പ്രതിദിനം 5 ലക്ഷം ബാരൽ കുറയ്ക്കുമെന്നും അറിയിച്ചു.

പെട്രോളിയം സമ്മേളനത്തിനു മുന്നോടിയായി ഒപെക്– ഒപെക് ഇതര എണ്ണ ഉൽപാദക രാജ്യങ്ങൾ യോഗം ചേർന്നിരുന്നു. വില കുറയുന്ന സാഹചര്യത്തിൽ ഉൽപാദന നിയന്ത്രണം ആവശ്യമാണെന്ന നിലപാടാണു യോഗത്തിലുയർന്നത്. ഇപ്പോഴത്തെ സാഹചര്യം തുടരുകയാണെങ്കിൽ അടുത്ത വർഷം വിപണിയിലേക്ക് ആവശ്യത്തിൽ കൂടുതൽ എണ്ണയെത്തുമെന്നാണ് ഒപെകിന്റെ വിലയിരുത്തൽ.

എണ്ണ ആവശ്യത്തിലുണ്ടാകുന്ന കുറവ്, യുഎസ് ഉപരോധം മൂലം ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതിയിലുണ്ടാകുന്ന കുറവ് എന്നിവയെ അടിസ്ഥാനമാക്കിയാവും എത്രത്തോളം ഉൽപാദന നിയന്ത്രണം വേണമെന്നു തീരുമാനിക്കുക.