തലച്ചോറിൽ ട്യൂമർ; ബാലൻ സഹായം തേടുന്നു

കോട്ടയം∙ അഖിൽ നന്നായി തമാശ പറയും. കേൾക്കുന്നവർ ചിരിച്ചു തീരുമ്പോഴേക്കും അവൻ അടുത്ത തമാശയ്ക്കു തിരി കൊളുത്തിയിട്ടുണ്ടാകും. എപ്പോഴും നിറചിരിയുമായി നിൽക്കുന്ന അവന് നിറയെ കൂട്ടുകാരുമുണ്ട്. എന്നാൽ ഇപ്പോൾ അഖിൽ ചിരിക്കുന്നത് വേദന കടിച്ചമർത്തിയാണ്. തലച്ചോറിലെ ട്യൂമർ അവന്റെയുള്ളിലെ സന്തോഷം മായ്ച്ചു കളഞ്ഞു തുടങ്ങി. ജനുവരി 25-ാം തീയതി ഒരു പ്രധാന ശസ്ത്രക്രിയയ്ക്കു താൻ വിധേയനാവുകയാണെന്ന് ഇപ്പോഴും അവന് അറിയില്ല.

കീഴൂർ താഴുത്തേടത്ത് സിജോയുടെയും ലതയുടെയും മകനാണ് എട്ടാം ക്ലാസ്സുകാരൻ അഖിൽ സിജോ. മൂന്നു വർഷം മുമ്പ് ഒരു വൈകുന്നേരം ക്രിക്കറ്റ് കളിക്കുമ്പോഴാണ് അവന് ആദ്യമായി ബോധക്ഷയം ഉണ്ടായത്. ക്ഷീണം കൊണ്ടാണെന്നു കരുതിയെങ്കിലും പിന്നീട് പലപ്പോഴും സ്കൂളിലും വീട്ടിലും വച്ച് പെട്ടെന്നുള്ള അവന്റെ വീഴ്ച കണ്ടാണ് എന്തെങ്കിലും രോഗമാകാം എന്നു സംശയം തോന്നിയത്.

സ്കാനിങ് റിപ്പോർട്ട് കണ്ട് തലച്ചോറിൽ ട്യൂമർ ആണെന്നു മനസ്സിലാക്കിയ മാതാപിതാക്കൾ കണ്ണീരോടെ ആ സത്യം അവനിൽ നിന്ന് ഒളിച്ചു വച്ചു. അവന്റെ ഉന്മേഷം മരിക്കാതിരിക്കാൻ... പക്ഷെ ഇപ്പോൾ അവൻ ചോദിക്കുന്നുണ്ട്..എന്താണ് അവന്റെ യതാർഥ അസുഖമെന്ന്. മൈഗ്രെയിൻ കൂടുതലായതാണ് എന്നാണ് അവനോട് പറഞ്ഞിരിക്കുന്നത്. തിരുവനന്തപുരം ശ്രീ ചിത്ര തിരുന്നാൾ ആശുപത്രിയിൽ ജനുവരി 25 ന് ഓപറേഷൻ തിയതി ഡോക്ടർമാർ കുറിച്ചു നൽകിക്കഴിഞ്ഞു. വൈകുംതോറും ട്യൂമർ വലുതാകുമെന്നും ശസ്ത്രക്രിയ വിജയമാണെങ്കിലും ശാരീരിക വൈകല്യങ്ങൾ ഉണ്ടാകുമെന്നും അറിയിച്ചു.

ഓപ്പറേഷനു മാത്രം രണ്ടു ലക്ഷം രൂപയ്ക്കടുത്ത് ചിലവ് വരും. തിരുവനന്തപുരത്തു കുറഞ്ഞത് ഒരു മാസമെങ്കിലും തങ്ങി ചികിൽസ നടത്തേണ്ടി വരുമെന്നാണ് അധികൃതർ അറിയിച്ചത്. മരുന്ന് ഉൾപ്പടെ ഏകദേശം അഞ്ചു ലക്ഷം രൂപയോളം ചിലവാകും. കൂലിപ്പണിക്കാരനായ സിജോയ്ക്കും ഭാര്യ ലതയ്ക്കും ജീവിതം വഴി മുട്ടിയ നിലയിലാണ്. സിജോ പെയിന്റിങ് തൊഴിലിനു പോയി കിട്ടുന്ന തുച്ഛവരുമാനമാണ് കുടുമ്പത്തിന്റെ ഏക ആശ്രയം. ലതയ്ക്കും കാലിൽ മുടന്തുള്ളതു കാരണം ഏല്ലാ ജോലികളും ചെയ്യാൻ കഴിയില്ല. സിജോയുടെ അനിയത്തി അഞ്ചാം ക്ലാസ്സ് വിദ്യാർഥിനിയാണ്. ഉള്ളതെല്ലാം വിറ്റ് ഒരു വാടകവീട്ടിലാണ് ഇപ്പോൾ ഈ നിർധന കുടുംബം കഴിയുന്നത്. ഇതുവരെ കരുണയുള്ള മനസ്സുകളുടെ സഹായങ്ങൾ ലഭിച്ചു. ഇപ്പോൾ ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന ഭീമമായ തുക കണ്ടെത്താൻ കഴിയാതെ നട്ടം തിരിയുകയാണ് ഈ കുടുംബം. സിജോ പഴയതു പോലെ ചിരിക്കുന്നത് കാണാൻ കഴിയണേയെന്നാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രാർഥന.

സിജോയുടെയും ലതയുടെയും പേരിൽ എസ്ബിഐ അറുന്നൂറ്റിമംഗലം ശാഖയിലെ ജോയിന്റ് അക്കൗണ്ടിലേയ്ക്കു സഹായങ്ങൾ അയയ്ക്കാം.

SIJO PAUL AND LATHA M.K, STATE BANK OF INDIA ARUNNOOTIMANGALAM BRANCH, ACCOUNT NUMBER: 33028552763 IFSC- SBIN0008595