ഒന്നര വർഷം, രോഗം പോലും കണ്ടെത്താനാകാതെ പന്ത്രണ്ടുവയസ്സുകാരൻ

കട്ടപ്പന∙ ഒന്നരവർഷത്തിനിടെ വിവിധ ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കിയെങ്കിലും മകന്റെ രോഗംപോലും കണ്ടെത്താൻ കഴിയാതെ വലയുന്ന നിർധന കുടുംബം തുടർചികിത്സയ്ക്കു പണം കണ്ടെത്താൻ കാരുണ്യ മനസ്‌കരുടെ സഹായം തേടുന്നു. വാഴവര നിർമലാസിറ്റി കിഴക്കേപ്പറമ്പിൽ കെ.എം.മാത്യുവിന്റെ മകൻ മെൽബിനാണ്(12) ചികിത്സയ്ക്കു വഴിയില്ലാതെ കഴിയുന്നത്. കട്ടപ്പന സെന്റ് ജോർജ് ഹൈസ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് മെൽബിന്റെ വലതു കാൽമുട്ടിനും നടുവിനും അസഹ്യമായ വേദന അനുഭവപ്പെട്ടത്.

ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സിച്ചെങ്കിലും ഗുണമുണ്ടായില്ല. തുടർന്ന് കോട്ടയം ഇഎസ്എ ആശുപത്രിയിൽ അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സതേടി. അസ്ഥിക്കു തേയ്മാനമാണെന്ന് ഡോക്ടർ വിധിയെഴുതിയെങ്കിലും ചികിത്സ ഫലപ്രദമായില്ല. ഇതിനിടെ കുട്ടിയുടെ ശരീരഭാരം ക്രമാതീതമായി വർധിക്കുകയും കാൽമുട്ടും നടുവും അനക്കാൻ കഴിയാതാകുകയും ചെയ്തു. ഇതിനുശേഷം എറണാകുളത്തെ രണ്ട് ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും രോഗാവസ്ഥയ്ക്കു ശമനമുണ്ടാക്കാനായില്ല. ഇതിനോടകം ആറുലക്ഷത്തോളം രൂപ ചികിത്സയ്ക്കാണ് ചെലവായി. ആകെയുള്ള 56 സെന്റ് ഭൂമിയും വീടും പണയപ്പെടുത്തിയും വട്ടിപ്പലിശയ്ക്കു പണം കടമെടുത്തുമാണ് ചികിത്സിച്ചത്.

ഒന്നരവർഷമായിട്ടും രോഗംപോലും കണ്ടെത്താൻ കഴിയാത്തതിനാൽ ഈ കുടുംബം ദുരിതത്തിലാണ്. ചികിത്സയ്ക്കു പണമില്ലാത്തതിനാൽ വീട്ടിൽ കഴിയുന്ന മെൽബിന്റെ മൂത്രത്തിലൂടെ രക്തവും പോകുന്ന സ്ഥിതിയാണ്. കാൽമുട്ടിനും നടുവിനുമെല്ലാം അനുഭവപ്പെടുന്ന അസഹ്യമായ വേദന സഹിച്ചാണു മെൽബിൻ ദിവസങ്ങൾ തള്ളിനീക്കുന്നത്. വേദന കുറയാനുള്ള മരുന്ന് വാങ്ങാൻ മാസത്തിൽ 10,000 രൂപയോളം ചെലവാകും. ശ്വാസതടസം മാറാൻ മരുന്നു കഴിച്ച് പിതാവ് മാത്യുവിനു പ്രമേഹം പിടിപെട്ടു. ഇതിനുശേഷം കണ്ണിന് ശസ്ത്രക്രിയ നടത്തിയിരിക്കുകയാണ് ഇദ്ദേഹം. സന്ധിവാതം അലട്ടുന്നതിനാൽ മാതാവ് ഷൈനിക്കും ജോലി ചെയ്യാൻ കഴിയുന്നില്ല.

വിദ്യാർഥികളായ മീനു, മോബിൻ എന്നിവരാണ് മെൽബിന്റെ സഹോദരങ്ങൾ. സുമനസുകളുടെ സഹായം മാത്രമാണ് ഈ കുടുംബത്തിനു മുന്നിൽ അവശേഷിക്കുന്ന മാർഗം. അതിനാൽ മാത്യുവിന്റെ പേരിൽ കട്ടപ്പന യൂണിയൻ ബാങ്ക് ശാഖയിൽ 352802010013246 അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐഎഫ്എസ്‌സി കോഡ്: യുബിഐഎൻ 0535281. ഫോൺ: 9961894906.